LiveTV

Live

National

ആകെയുള്ളത് ഒരു ഫാനും ലൈറ്റും; വൈദ്യുതി ബില്‍ 128 കോടി രൂപ, തിയതി കഴിഞ്ഞതോടെ ഫ്യൂസ് ഊരി

ഇവരുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ് ഇപ്പോള്‍. ബില്ലിലെ അവസാന തിയതിക്കുള്ളില്‍ ബില്ലടച്ചില്ലെന്നതാണ് കാരണം

ആകെയുള്ളത് ഒരു ഫാനും ലൈറ്റും; വൈദ്യുതി ബില്‍ 128 കോടി രൂപ, തിയതി കഴിഞ്ഞതോടെ ഫ്യൂസ് ഊരി

വൈദ്യുതി വകുപ്പിന് തെറ്റ് പറ്റുന്നത് സാധാരണമാണ്. ചിലപ്പോള്‍ ലക്ഷങ്ങളും കോടികളുമൊക്കെ വൈദ്യുതി ബില്ലായി ദാരിദ്ര്യം പേറുന്ന ഉപഭോക്താക്കള്‍ക്ക് നല്‍കാറുണ്ട്. എന്നാല്‍ പരാതിപ്പെട്ടാല്‍ തെറ്റ് തിരുത്തി ശരിയായ ബില്‍ അവര്‍ നല്‍കാറാണ് പതിവ്. പക്ഷേ ഉത്തര്‍പ്രദേശിലെ ഹാപൂരിലെ ചമ്രി ഗ്രാമത്തില്‍ നിന്നു പുറത്തുവരുന്നത് ദൌര്‍ഭാഗ്യകരമായ ഒരു വാര്‍ത്തയാണ്.

ചമ്രി ഗ്രാമവാസികളാണ് ഷമീമും ഭാര്യ ഖൈരു നിഷയും. ആകെയൊരു ഫാനും രണ്ടു മൂന്നു ലൈറ്റുകളും മാത്രമാണ് ഇവരുടെ വീട്ടിലുള്ളത്. ഇവരുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ് ഇപ്പോള്‍. ബില്ലിലെ അവസാന തിയതിക്കുള്ളില്‍ തുകയടച്ചില്ലെന്നതാണ് കാരണം. എന്നാല്‍ ഇവര്‍ക്ക് വൈദ്യുതി വകുപ്പ് നല്‍കിയ ബില്ലിലെ തുകയാണ് ഭീകരം. 128 കോടി രൂപ. വീടും സ്ഥലവും കൂടി വിറ്റാല്‍ പോലും ഈ തുക അടക്കാന്‍ ഇവര്‍ക്ക് കഴിയില്ല. ആകെയൊരു ഫാനും ലൈറ്റുമുള്ള വീട്ടില്‍ എങ്ങനെ 128 കോടി രൂപ ബില്‍ വരുമെന്ന് ചോദിച്ച് ഇവര്‍ വൈദ്യുതി വകുപ്പിനെ സമീപിച്ചെങ്കിലും രക്ഷയുണ്ടായില്ല. ബില്ലിലെ തിയതി കഴിഞ്ഞതോടെ കൃത്യമായി വൈദ്യുതി വകുപ്പ് അധികൃതര്‍ എത്തി ഫ്യൂസ് ഊരി വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു.

ഇവരുടെ പരാതി കേള്‍ക്കാന്‍ അധികൃതര്‍ കൂട്ടാക്കിയില്ല എന്നതാണ് പരിതാപകരം. വൈദ്യുതി ബന്ധം പുനസ്ഥാപിക്കണമെങ്കില്‍ ബില്ലിലെ തുക അടക്കണമെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. സംഭവം വാര്‍ത്തയാതോടെ ബില്ലിലെ തുക തിരുത്തി നല്‍കുമെന്ന് വൈദ്യുതി വകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.