LiveTV

Live

National

മയിലുകളെ കൊന്നെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം ദലിത് യുവാവിനെ തല്ലിക്കൊന്നു

കഴിഞ്ഞ ദിവസം ഇതേ ജില്ലയില്‍ ജനക്കൂട്ടത്തിന്‍റെ മർദനത്തിൽ മാനസിക വെല്ലുവിളി നേരിടുന്നയാൾ കൊല്ലപ്പെട്ടിരുന്നു. 

മയിലുകളെ കൊന്നെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം ദലിത് യുവാവിനെ തല്ലിക്കൊന്നു

മയിലുകളെ കൊന്നെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. മധ്യപ്രദേശിലെ നീമുച്ച് ജില്ലയിലെ ലസുദിയ അത്രി ഗ്രാമത്തിലാണ് സംഭവം. ഹീരലാൽ ബൻചാദ എന്ന ദലിത് യുവാവാണ് കൊല്ലപ്പെട്ടത്.

ഹീരലാലിനെ ആള്‍ക്കൂട്ടം മര്‍ദിക്കുന്നത് അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 10 പ്രതികളിൽ ഒമ്പത് പേരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

നാല് പേർ കൃഷിയിടത്തിലൂടെ ഓടുന്നത് കണ്ട് നാട്ടുകാർ പിന്നാലെ ചെല്ലുകയായിരുന്നു. തുടർന്ന് ഹീരാലാലിനെ കൃഷിയിടത്തിനുള്ളിൽ നിന്ന് പിടികൂടി. ഇയാളുടെ കയ്യിൽ നാല് ചത്ത മയിലുകൾ ഉണ്ടായിരുന്നു. തുടര്‍ന്ന് ആള്‍ക്കൂട്ടം ഇയാളെ ക്രൂരമായി മര്‍ദിച്ചു. കൊല്ലപ്പെട്ട ഹീരാലാലിനും മകൻ രാഹുലിനും മറ്റ് രണ്ടു പേർക്കും എതിരെ മയിലിനെ കൊന്നതിന് മറ്റൊരു കേസും എടുത്തിട്ടുണ്ട്. ഇന്ത്യയുടെ ദേശീയ പക്ഷിയായ മയിലിനെ കൊല്ലുന്നത് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

കഴിഞ്ഞ ദിവസം ഇതേ ജില്ലയില്‍ ജനക്കൂട്ടത്തിന്‍റെ മർദനത്തിൽ മാനസിക വെല്ലുവിളി നേരിടുന്നയാൾ കൊല്ലപ്പെട്ടിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയ ആളാണെന്ന് ആരോപിച്ചായിരുന്നു മർദനം. ഈ സംഭവത്തിൽ കുറ്റക്കാരെ പിടികൂടിയിട്ടില്ല.