LiveTV

Live

National

സംഝോത ഭീകരാക്രമണ കേസ്: എൻ.ഐ.എ കോടതി വിധിക്കെതിരെ ഹർജിയുമായി പാക് വനിത 

കേസിൽ വിധിപറയുംമുമ്പ്, തന്റെ രാജ്യത്തുനിന്നുള്ള ചില സാക്ഷികളെ വിസ്തരിക്കണമെന്ന പാക് വനിതയുടെ ആവശ്യം എൻ.ഐ.എ കോടതി തള്ളിയിരുന്നു. 

സംഝോത ഭീകരാക്രമണ കേസ്: എൻ.ഐ.എ കോടതി വിധിക്കെതിരെ ഹർജിയുമായി പാക് വനിത 

ന്യൂഡൽഹി: 2007-ലെ സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസിൽ പ്രതികളെ വെറുതെ വിട്ട എൻ.ഐ.എ കോടതി വിധിക്കെതിരെ പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതിയിൽ ഹർജി. സ്‌ഫോടനത്തിൽ പിതാവ് മുഹമ്മദ് വക്കീലിനെ നഷ്ടമായ പാകിസ്താൻ പൗര റാഹില വക്കീൽ ആണ് ഹർജി നൽകിയത്. കേസിൽ സ്വാമി അസിമാനന്ദ് അടക്കം നാലു പേരെ വെറുതെ വിട്ട പഞ്ച്കുള എൻ.ഐ.എ കോടതി തീരുമാനത്തെ സഹോദരനും അഭിഭാഷകനുമായ മൊമിൻ മാലിക് വഴിയാണ് റാഹില ചോദ്യം ചെയ്യുന്നത്.

ലാഹോറിനും ന്യൂഡൽഹിക്കുമിടയിൽ സർവീസ് നടത്തുന്ന സംഝോത എക്‌സ്പ്രസിന്റെ രണ്ട് കംപാർട്ട്‌മെന്റുകളിൽ 2007 ഫെബ്രുവരി 18-ന് അർധരാത്രിയാണ് സ്‌ഫോടനമുണ്ടായത്. ഭീകരാക്രമണം നടന്ന് പന്ത്രണ്ടു വർഷത്തിനു ശേഷം കഴിഞ്ഞ മാർച്ചിൽ അസിമാനന്ദ് (നബ കുമാർ സർക്കാർ), ലോകേഷ് ശർമ, കമൽ ചൗഹാൻ, രജീന്ദർ ചൗധരി എന്നിവരെ എൻ.ഐ.എ കോടതി വെറുതെവിട്ടു. കേസിലെ പ്രതിയായിരുന്ന ആർ.എസ്.എസ് പ്രചാരക് സുനിൽ ജോഷി 2007-ൽ കൊല്ലപ്പെട്ടിരുന്നു.

2015-ൽ പ്രതികളായ ഹിന്ദു തീവ്രവാദികളെ സംരക്ഷിക്കുന്ന നിലപാടെടുക്കാൻ തനിക്കുമേൽ സമ്മർദമുണ്ടായിരുന്നതായി പ്രോസിക്യൂട്ടറായിരുന്ന രോഹിനി സല്യൻ വെളിപ്പെടുത്തിയിരുന്നു. എൻ.ഐ.എ ഓഫീസർ നേരിൽക്കണ്ട് കേസിൽ മൃദുസമീപനം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതായും താൻ അതിന് തയ്യാറാകില്ലെന്ന് മറുപടി നൽകിയതായും രോഹിണി സല്യൻ പറഞ്ഞു.

കേസിൽ വിധിപറയുംമുമ്പ്, തന്റെ രാജ്യത്തുനിന്നുള്ള ചില സാക്ഷികളെ വിസ്തരിക്കണമെന്ന പാക് വനിതയുടെ ആവശ്യം എൻ.ഐ.എ കോടതി തള്ളിയിരുന്നു. തന്റെ മൊഴിയെടുക്കണമെന്നും സാക്ഷികളെ വിസ്തരിക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം.