LiveTV

Live

National

ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് അന്തരിച്ചു

1998 മുതല്‍ 2013 വരെ 15 വര്‍ഷം ഡല്‍ഹി മുഖ്യമന്ത്രി പ്രവര്‍ത്തിച്ചു. അഞ്ച് മാസം കേരള ഗവര്‍ണറായിരുന്നു.

ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് അന്തരിച്ചു

ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷയുമായ ഷീല ദീക്ഷിത് അന്തരിച്ചു. 81 വയസായിരുന്നു. ഏതാനും ആഴ്ചകളായി ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നാളെ ഉച്ചയ്ക്ക് 2.30ന് ഡല്‍ഹി കശ്മീരി ഗെയ്റ്റിലെ നിഗം ബോദ് ഘാട്ടിലാണ് സംസ്കാരം.

ചികിത്സയിലായിരിക്കുമ്പോഴും ഡല്‍ഹി പി.സി.സിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഇതിനിടെ രാവിലെ ആരോഗ്യസ്ഥിതി മോശമാവുകയും മൂന്നരയോടെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു. തുടര്‍ന്ന് മൃതദേഹം ഡല്‍ഹി നിസാമുദ്ദീനിലെ വസതിയിലെത്തിച്ചു. നാളെ രാവിലെ എ.ഐ.സി.സി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വച്ചശേഷം കശ്മീരി ഗെയ്റ്റിലെ നിഗം ബോദ് ഘാട്ടില്‍ സംസ്കരിക്കും. പരേതനായ വിനോദ് ദീക്ഷിതാണ് ഭര്‍ത്താവ്. മുന്‍ എംപി സന്ദീപ് ദീക്ഷിത്, ലതിക ദീക്ഷിത് എന്നിവര്‍ മക്കളാണ്.

ഷീല ദീക്ഷിതിന്റെ വിയോഗത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അശോചിച്ചു. ഡല്‍ഹിക്ക് നിര്‍ണായക സംഭാവന നല്‍കിയ നേതാവായിരുന്നു ഷീല ദീക്ഷിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാര്‍ട്ടിക്ക് മകളെ നഷ്ടപ്പെട്ടെന്ന് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസിന് ജീവിതം സമര്‍പ്പിച്ച വ്യക്തിയെന്ന് മന്‍മോഹന്‍ സിങും അനുസ്മരിച്ചു. കോണ്‍ഗ്രസിന്റെ എല്ലാ പ്രതിസന്ധിയിലും കരുത്തായി നിന്ന നേതാവും കേരളത്തിന്റെ ബന്ധുവുമായിരുന്നു ഷീല ദീക്ഷിതെന്ന് എ.കെ ആന്റണി ഓര്‍മ്മിച്ചു.

ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന വനിതാ മുഖ്യമന്ത്രി

രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന വനിതാ മുഖ്യമന്ത്രിയാണ് ഷീല ദീക്ഷിത്. 1998 മുതല്‍ 2013 വരെ തുടര്‍ച്ചയായ 15 വര്‍ഷം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നു ഷീല ദീക്ഷിത്. 1984ല്‍ കനൌജില്‍ നിന്ന് ലോക്സഭയിലെത്തി. രാജീവ് ഗാന്ധി മന്ത്രിസഭയില്‍ പാര്‍ലമെന്ററികാര്യ മന്ത്രിയായിരുന്നു. സോണിയാ ഗാന്ധി പാര്‍ട്ടി അധ്യക്ഷയായതോടെയാണ് ഷീല ദീക്ഷിത് ഡല്‍ഹി കോണ്‍ഗ്രസിന്റെ ചുമതലക്കാരിയായത്. 1998ല്‍ ഉജ്വല വിജയത്തോടെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തി. പിന്നീട് തുടര്‍ച്ചയായ രണ്ട് തവണ കൂടി ഷീല ഡല്‍ഹിയുടെ അമരക്കാരിയായി.

2013ല്‍ ആം ആദ്മി പാര്‍ട്ടി ചെയര്‍മാന്‍ അരവിന്ദ് കെജ്‍രിവാളിനോട് തോറ്റാണ് മുഖ്യമന്ത്രി പദമൊഴിയുന്നത്. കനത്ത തിരിച്ചടി നേരിട്ടതിനെ തുടര്‍ന്ന് സജീവ രാഷ്ട്രീയത്തില്‍ നിന്ന് അല്‍പകാലം മാറിനിന്നു. പിന്നീട് കേരള ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ള പദവികള്‍ വഹിച്ച ശേഷമാണ് സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നത്. ഇക്കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് വീണ്ടും ഡല്‍ഹി കോണ്‍ഗ്രസിന്റെ തലപ്പത്തെത്തി.

ഡല്‍ഹിയില്‍ ആം ആദ്മി- കോണ്‍ഗ്രസ് സഖ്യനീക്കങ്ങളുടെ കടുത്ത വിമര്‍ശകയായിരുന്നു ഷീല ദീക്ഷിത്. ഹൈക്കമാന്റിന് ആം ആദ്മി സഖ്യത്തില്‍ താല്‍പര്യമുണ്ടായിട്ടും ഷീല ദീക്ഷിത്തിന്റെ എതിര്‍പ്പ് പരിഗണിച്ചാണ് തനിച്ച് മത്സരിക്കാന്‍ തീരുമാനിച്ചത്., ഏഴ് സീറ്റിലും ബി.ജെ.പി ജയം ആവര്‍ത്തിച്ചതോടെ വലിയ വിമര്‍ശനങ്ങളും ഷീല ദീക്ഷിതിന് നേരിടേണ്ടി വന്നു. അപ്പോഴും ഗാന്ധി കുടുംബത്തോടുള്ള ആത്മബന്ധത്തിന് ഉലച്ചില്‍ തട്ടിയില്ല.