LiveTV

Live

National

കര്‍ണാടക വിശ്വാസവോട്ടെടുപ്പ് രണ്ടാം സമയ പരിധിയും അവസാനിച്ചു

ഇതിനിടെ വിപ്പ് നല്‍കുന്നതില്‍ വ്യക്തത തേടി സംസ്ഥാന സര്‍ക്കാറും കോണ്‍ഗ്രസും സുപ്രീം കോടതിയെ സമീപിച്ചു

കര്‍ണാടക വിശ്വാസവോട്ടെടുപ്പ് രണ്ടാം സമയ പരിധിയും അവസാനിച്ചു

കര്‍ണാടക വിശ്വാസവോട്ടെടുപ്പ് രണ്ടാം സമയ പരിധിയും അവസാനിച്ചു. ഭൂരിപക്ഷം തെളിയിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ വാജുഭായ് വാല രണ്ടാം തവണ നല്‍കിയ സമയപരിധിയും സ്പീക്കര്‍ തള്ളി. വോട്ടെടുപ്പ് നടത്താന്‍ ചര്‍ച്ച പൂര്‍ത്തിയാക്കണമെന്ന നിലപാടില്‍ സ്പീക്കര്‍ ഉറച്ചുനുല്‍ക്കുകയാണ്. ഇതിനിടെ വിപ്പ് നല്‍കുന്നതില്‍ വ്യക്തത തേടി സംസ്ഥാന സര്‍ക്കാറും കോണ്‍ഗ്രസും സുപ്രീം കോടതിയെ സമീപിച്ചു.

ഇന്ന് ഉച്ചക്ക് ഒന്നരക്ക് മുമ്പായി സഭയില്‍ വിശ്വാസവോട്ട് തേടണമെന്നായിരുന്നു ഗവര്‍ണര്‍ ഇന്നലെ നല്‍കിയ അന്ത്യശാസനം. എന്നാല്‍, സ്പീക്കര്‍ ഇത് അംഗീകരിച്ചില്ല. ഈ സമയപരിധി പിന്നിട്ടതോടെ ഗവര്‍ണര്‍ വീണ്ടും മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സമയപരിധി ഇന്ന് വൈകിട്ട് ആറുമണിയാക്കി. ഈ നിര്‍ദ്ദേശവും സ്പീക്കര്‍ തള്ളി. ഗവര്‍ണറുടെ കത്തുകളില്‍ നിന്ന് തന്നെ രക്ഷിക്കണമെന്നാവശ്യപ്പെട്ട മുഖ്യമന്ത്രി ഗവര്‍ണറെ പരിഹസിക്കുകയും ചെയ്തു.

കത്തിനെതിരെ കുമാരസ്വാമി സുപ്രിം കോടതിയെയും സമീപിച്ചിട്ടുണ്ട്. ഇതിനിടെ ഗവര്‍ണര്‍, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഇടക്കാല റിപ്പോര്‍ട്ട് നല്‍കി. വിശ്വാസ പ്രമേയത്തിന്‍മേലുള്ള ചര്‍ച്ചക്ക് ശേഷം വോട്ടെടുപ്പ് നടത്തിയാല്‍ മതിയെന്ന നിലപാടിലാണ് കോണ്‍ഗ്രസും. സഭാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ വിമത എം.എല്‍.എമാരെ നിര്‍ബന്ധിക്കരുതെന്ന കോടതി നിര്‍ദ്ദേശത്തില്‍ വ്യക്തത തേടിയാണ് മുഖ്യമന്ത്രിയും കോണ്‍ഗ്രസും സുപ്രീം കോടതിയെ സമീപിച്ചത്. രണ്ടു ദിവസം അവധി ആയതിനാല്‍ സഭയും കോടതിയും തിങ്കളാഴ്ചയാണ് ഇനി ചേരുക.