LiveTV

Live

National

വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കഗാന്ധിയെ തടഞ്ഞു

ഇപ്പോള്‍ ഗസ്റ്റ് ഹൗസിലുള്ള പ്രിയങ്ക, മരിച്ചവരുടെ കുടുംബത്തെ കാണാതെ പോകില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ്

വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കഗാന്ധിയെ തടഞ്ഞു

ഉത്തര്‍പ്രദേശില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ കാണമമെന്നാവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി സമരം തുടരുന്നു. നേരത്തെ പ്രിയങ്കയെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. ഇപ്പോള്‍ ഗസ്റ്റ് ഹൗസിലുള്ള പ്രിയങ്ക, മരിച്ചവരുടെ കുടുംബത്തെ കാണാതെ പോകില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ്. അധികാര ദുര്‍വിനിയോഗമാണ് യു.പി പൊലീസ് നടത്തുന്നതെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

ഭൂമി തർക്കത്തിനിടെയുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് പ്രിയങ്കഗാന്ധിയെ യു.പി പൊലീസ് തടഞ്ഞത്. തുടര്‍ന്ന് സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രിയങ്കയെ പൊലീസ് കരുതല്‍ തടങ്കലിലാക്കി.

രാവിലെയാണ് കിഴക്കന്‍ യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സോന്‍ഭദ്രയില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയത്. ഉഭ വില്ലേജിൽ യോഗ ദത്ത് എന്നയാൾ വാങ്ങിയ ഭൂമിയെ തുടർന്നുള്ള തർക്കത്തിനൊടുവിലാണ് വെടിവെപ്പുണ്ടായത്.

ഗ്രാമമുഖ്യനായ യാഗ്യ ദത്ത് രണ്ടു വർഷംമുമ്പ് താൻ വാങ്ങിയ 36 ഏക്കർ ഭൂമിയിൽ എത്തിയപ്പോൾ ഗ്രാമീണർ പ്രതിഷേധവുമായി രംഗത്തുവന്നു. ഇതോടെ, ഗ്രാമമുഖ്യനൊപ്പമുണ്ടായിരുന്നവർ വെടിവെക്കുകയായിരുന്നു. വെടിവെപ്പില്‍ 24 പേര്‍ കൊല്ലപ്പെട്ടു. 74 പേരെ പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്.

പ്രിയങ്ക എത്തുന്നതിന് തൊട്ടുമുമ്പ് പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. തുടര്‍ന്ന് മിര്‍സാപൂരില്‍ യു.പി പൊലീസ് പ്രിയങ്കയെ തടഞ്ഞു. എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തന്നെ തടഞ്ഞതെന്ന ചോദിച്ച പ്രിയങ്ക റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധം തുടര്‍ന്ന പ്രിയങ്കയെ പൊലീസ് കരുതല്‍ തടങ്കലിലാക്കി അറസ്റ്റ് രേഖപ്പെടുത്തി.