LiveTV

Live

National

അവിവാഹിതരായ സ്ത്രീകള്‍ക്ക് മൊബൈല്‍ ഫോണ്‍ വേണ്ട, പ്രണയ വിവാഹത്തിന് പിഴ; വിലക്കുകളുമായി താക്കൂര്‍ സമുദായം

ജൂലൈ 14ന് ചേര്‍ന്ന് യോഗത്തിലാണ് പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത് 

അവിവാഹിതരായ സ്ത്രീകള്‍ക്ക് മൊബൈല്‍ ഫോണ്‍ വേണ്ട, പ്രണയ വിവാഹത്തിന് പിഴ; വിലക്കുകളുമായി താക്കൂര്‍ സമുദായം

പുതിയ നിയമങ്ങളും വിലക്കുകളുമായി ഗുജറാത്തിലെ താക്കൂര്‍ സമുദായം. അവിവാഹിതരായ സ്ത്രീകള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇതു കൂടാതെ പ്രണയിച്ച് വിവാഹം കഴിക്കുന്നതും കുറ്റകരമാക്കി. ബാണസ്കന്ദ ജില്ലയിലെ താക്കൂര്‍ സമുദായക്കാരാണ് വിലക്കേര്‍പ്പെടുത്തിയത്.

ജൂലൈ 14ന് ചേര്‍ന്ന് യോഗത്തിലാണ് പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. യോഗത്തില്‍ ദന്തിവാദ താലൂക്കിലെ 12 ഗ്രാമങ്ങളില്‍ നിന്നുള്ള സമുദായ തലവന്‍മാര്‍ പങ്കെടുത്തു. അവിവാഹിതരായ സ്ത്രീകള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കിയാല്‍ അവരുടെ മാതാപിതാക്കള്‍ ഉത്തരവാദികളായിരിക്കും. കോളേജ് വിദ്യാര്‍ഥിനികള്‍ക്കും ഫോണ്‍ കൊടുക്കരുത്. ഫോണ്‍ ഉപയോഗിച്ചാല്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം മൊബൈലില്‍ സമയം കളയുമെന്നും സമുദായ തലവന്‍ പറയുന്നു. പഠന സൌകര്യം മെച്ചപ്പെടുത്താല്‍ വിദ്യാര്‍ഥികള്‍ക്ക് ടാബ്ലറ്റുകളും ലാപ്ടോപ്പുകളും നല്‍കുമെന്ന് ദന്തിവാദ താക്കൂര്‍ സമുദായ നേതാവ് സുരേഷ് താക്കൂര്‍ പറഞ്ഞു.

അതുപോലെ സമുദായത്തിലെ ആരെങ്കിലും പ്രണയിച്ച് വിവാഹം കഴിച്ചാല്‍ 1.5 ലക്ഷം മുതല്‍ 2 ലക്ഷം വരെ പിഴ ഈടാക്കും. കൂടാതെ ആഢംബര വിവാഹത്തെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചയുണ്ടായി. വിവാഹാഘോഷങ്ങളില്‍ വെടിമരുന്ന് പ്രയോഗവും അലങ്കാരപ്പണികളും ഒഴിവാക്കണമെന്നും ആ പണം വിദ്യാഭ്യാസ ആവശ്യത്തിനായി ചെലവഴിക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശിച്ചു.