LiveTV

Live

National

‘ഹിന്ദുത്വ ഭീകരര്‍’ പ്രയോഗം വേണ്ടെന്ന് വെങ്കയ്യ നായിഡു; കേസുകള്‍ എണ്ണിപ്പറഞ്ഞ് കെ.കെ രാഗേഷ് എം.പി

എന്നാല്‍ ഹിന്ദുത്വ എന്നത് ഒരു മതമല്ലെന്ന് രാഗേഷ് ഉടനടി മറുപടി നല്‍കി. തുടര്‍ന്ന് ഹിന്ദുത്വ ഗ്രൂപ്പുകള്‍ പ്രതിസ്ഥാനത്തുള്ള കേസുകള്‍ എണ്ണിപ്പറഞ്ഞായിരുന്നു രാഗേഷിന്റെ മറുപടി. 

‘ഹിന്ദുത്വ ഭീകരര്‍’ പ്രയോഗം വേണ്ടെന്ന് വെങ്കയ്യ നായിഡു; കേസുകള്‍ എണ്ണിപ്പറഞ്ഞ് കെ.കെ രാഗേഷ് എം.പി

രാജ്യസഭയില്‍ സി.പി.എം എം.പി കെ.കെ രാഗേഷിന്റെ ഹിന്ദുത്വ ഭീകരര്‍ എന്ന പ്രയോഗത്തെ എതിര്‍ത്ത് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു. ദേശീയ അന്വേഷണ ഏജന്‍സി ഭേദഗതി ബില്ലിന്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പാർലമെന്റിൽ ആവശ്യപ്പെട്ട് നടത്തിയ പ്രസംഗത്തിനിടെയായിരുന്നു വെങ്കയ്യ നായിഡുവിന്റെ ഇടപെടല്‍. ഒരു മതത്തേയും ഇതിലേക്ക് വലിച്ചിഴക്കരുതെന്നും ഇതിന് അനുവദിച്ചാല്‍ മറ്റുള്ളവര്‍ വേറെ മതങ്ങളെ കുറിച്ച് പറയും എന്നായിരുന്നു വെങ്കയ്യ നായിഡുവിന്റെ നിലപാട്. എന്നാല്‍ ഹിന്ദുത്വ എന്നത് ഒരു മതമല്ലെന്ന് രാഗേഷ് ഉടനടി മറുപടി നല്‍കി. തുടര്‍ന്ന് ഹിന്ദുത്വ ഗ്രൂപ്പുകള്‍ പ്രതിസ്ഥാനത്തുള്ള കേസുകള്‍ എണ്ണിപ്പറഞ്ഞായിരുന്നു രാഗേഷിന്റെ മറുപടി.

കെ.കെ രാഗേഷിന്റെ രാജ്യസഭയിലെ പ്രസംഗവും ഫേസ്ബുക്ക് കുറിപ്പും

ദേശസുരക്ഷയുടെ കാര്യത്തിൽ ഭരണ-പ്രതിപക്ഷ ഭേദമില്ല. ദേശസുരക്ഷയ്ക്ക് തന്നെയാണ് പ്രാഥമിക പരിഗണന നൽകേണ്ടത്. എന്നാൽ ഭരണക്ഷിയുടെ സമീപനത്തിൽ നിന്നും വ്യത്യസ്തമായി ഇടതുപക്ഷം എല്ലാതരത്തിലുള്ള ഭീകരതയെയും എതിർത്തിട്ടുണ്ട്. ഭരണത്തിലിരിക്കുന്നവർ പക്ഷേ ചിലതിനെ എതിർക്കുകയും മറ്റു ചിലതിനെ പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്യുന്നത്. അതിനുവേണ്ടി എൻ.ഐ.എ. ഉൾപ്പെടെയുള്ള ദേശീയ ഏജൻസികളെ ദുരുപയോഗം ചെയ്യുകയുമാണ്.

2008 ൽ എൻ.ഐ.എ നിയമം പാർലമെന്റ് പാസ്സാക്കുന്ന ഘട്ടത്തിൽ തന്നെ നിയമത്തിലെ ചില പ്രത്യേക വ്യവസ്ഥകളോടുള്ള ഇടതുപക്ഷത്തിന്റെ എതിർപ്പ് ചൂണ്ടിക്കാണിച്ചിരുന്നു. ഈ നിയമത്തിലെ പല വ്യവസ്ഥകളും ഭരണകക്ഷിക്ക് ദുരുപയോഗിക്കാൻ കഴിയും. കേസെടുക്കുമ്പോഴോ അന്വേഷണം നടത്തുമ്പോഴോ ചാർജ്ജ് ഷീറ്റ് നൽകുമ്പോഴോ സംസ്ഥാന അന്വേഷണ ഏജൻസികളെ ഇതുമായി ബന്ധപ്പെടുത്തുന്നില്ല എന്നതാണ് മറ്റൊരു കുറവ്. സംസ്ഥാനങ്ങളെ കൂട്ടിയോജിപ്പിച്ചിരുന്നുവെങ്കിൽ സുതാര്യമായ അന്വേഷണം നടത്തുന്നതിന് കൂടുതൽ കൃത്യമായ വിവരങ്ങൾ ലഭ്യമാകുന്ന സംസ്ഥാന ഇന്റലിജൻസ് സംവിധാനത്തെ പ്രയോജനപ്പെടുത്തുന്നതിന് സാധിക്കുമായിരുന്നു.

എന്നാൽ ഇതൊന്നും ചെയ്യാതെ കേന്ദ്ര സർക്കാറിന് പരമാധികാരം നൽകുന്ന വിധത്തിലാണ് നിയമം പാസ്സാക്കിയത്. കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ അനുഭവം പരിശോധിച്ചാൽ സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങൾക്കുവേണ്ടി എൻ.ഐ.എ. ഉൾപ്പെടെയുള്ള ഏജൻസികളെ ദുരുപയോഗിച്ചതായി കാണാം. ഹിന്ദുത്വഭീകരസംഘടനകൾ പ്രതിസ്ഥാനത്ത് വരുന്ന കേസുകൾ ദുർബലപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്ത് കുപ്രസിദ്ധിനേടുകയാണ് എൻ.ഐ.എ. മക്കാമസ്ജിദ്, അജ്മീർ ഷെറീഫ് സ്‌ഫോടനക്കേസുകൾക്ക് എന്താണ് സംഭവിച്ചത് എന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണം. മുസ്ലീം ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾ ഭീകരാക്രമണങ്ങൾക്ക് വിധേയമാകുന്ന കേസുകൾ എൻ.ഐ.എ.യെ ഉപയോഗിച്ചുകൊണ്ട് ദുർബലപ്പെടുത്തുന്നതിന്റെയോ ഇല്ലാതാക്കുന്നതിന്റെയോ ഉദാഹരണമാണ് ഇത്.

എൻ.ഐ.എ. ഭേദഗതി ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പാർലമെന്റിൽ ആവശ്യപ്പെട്ടു ദേശസുരക്ഷയുടെ കാര്യത്തിൽ ഭരണ-പ്രതിപക്ഷ...

Posted by K K Ragesh Kannur on Wednesday, July 17, 2019

മാലേഗാവ് സ്‌ഫോടനത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. ഹിന്ദുത്വ ഭീകരസംഘടനയുടെ നേതാവായ ഈ കേസിലെ മുഖ്യപ്രതിയെ വിട്ടയക്കുന്ന രീതിയാണ് സ്വീകരിച്ചത്. പിന്നീട് എൻ.ഐ.യുടെ നിലപാട് കോടതി റദ്ദാക്കുകയായിരുന്നു. കേസ് ദുർബലപ്പെടുത്തുവാൻ എൻ.ഐ.എ. സമ്മർദ്ദം ചെലുത്തുന്നതായി പബ്ലിക് പ്രോസിക്യൂട്ടർക്ക് പോലും പരസ്യമായി പറയേണ്ടിവന്നു. മുഖ്യപ്രതിയുടെ ജാമ്യഹരജി എതിർക്കാൻ പോലും എൻ.ഐ.എ. തയ്യാറായില്ല. 68 നിരപരാധികൾ കൊല്ലപ്പെട്ട സംഝോധ എക്‌സ്പ്രസ്സ് കേസിന്റെയും സ്ഥിതി മറിച്ചല്ല. അന്വേഷണഘട്ടത്തിൽ ഹിന്ദുത്വ തീവ്രവാദ സംഘടനകൾ ഉൾപ്പെടും എന്ന സ്ഥിതിവന്നപ്പോഴാണ് അതും അട്ടിമറിക്കപ്പെട്ടത്. ഇത്തരത്തിലുള്ള കേസുകളിലെല്ലാം സാക്ഷികൾ കൂറുമാറുന്നതും എൻ.ഐ.എ. മുൻകൈയ്യെടുത്ത് കേസ് ദുർബലപ്പെടുത്തുന്നതും നിത്യസംഭവമായി. ഈ കേസുകളിൽ പലതിലും ന്യൂനപക്ഷവിഭാഗത്തിൽപെട്ട ചെറുപ്പക്കാരെ വർഷങ്ങളോളം കുറ്റമാരോപിച്ച് ജയിലിലടച്ചത് വിസ്മരിക്കാനാവില്ല. എൻ.ഐ.എ.യെ ദുരുപയോഗപ്പെടുത്തുന്ന പശ്ചാത്തലത്തിൽ കൂടുതൽ പരിശോധനയ്ക്ക് ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണം.