LiveTV

Live

National

കൽബുർഗിയെ വെടിവെച്ചയാളെ ഭാര്യ തിരിച്ചറിഞ്ഞു 

77-കാരനായിരുന്ന കൽബുർഗി 2015 ആഗസ്ത് 30-നാണ് ധർവാഡിലെ സ്വന്തം വീട്ടുമുറ്റത്ത് വെടിയേറ്റു കൊല്ലപ്പെട്ടത്.

കൽബുർഗിയെ വെടിവെച്ചയാളെ ഭാര്യ തിരിച്ചറിഞ്ഞു 

കന്നട ഭാഷാ പണ്ഡിതൻ എം.എം കൽബുർഗിയെ വെടിവെച്ചയാളെ അദ്ദേഹത്തിന്റെ ഭാര്യ ഉമാദേവി കൽബുർഗി തിരിച്ചറിഞ്ഞു. ഹിന്ദുത്വ സംഘടനയായ സനാതൻ സൻസ്ഥയുമായി ബന്ധമുള്ള ഗണേഷ് മിസ്‌കിൻ എന്നയാളെയാണ് തിരിച്ചറിയൽ പരേഡിൽ ഉമാദേവി തിരിച്ചറിഞ്ഞത്. ഗൗരി ലങ്കേഷ് വധക്കേസിൽ നേരിട്ടു പങ്കെടുത്ത രണ്ടുപേരിൽ ഒരാൾ ഇയാളാണെന്ന് കർണാടക പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

77-കാരനായിരുന്ന കൽബുർഗി 2015 ആഗസ്ത് 30-നാണ് ധർവാഡിലെ സ്വന്തം വീട്ടുമുറ്റത്ത് വെടിയേറ്റു കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ അജ്ഞാതർ വെടിവെച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. 2017-ൽ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഗണേഷ് മിസ്‌കിനും പരശുറാം വാഘ്‌മോറെ എന്നയാളും അറസ്റ്റിലായത്.

ഉമാദേവിയുടെ അഭ്യർത്ഥനയെ തുടർന്ന് കൽബുർഗി വധക്കേസ് ഗൗരി ലങ്കേഷ് കേസ് അന്വേഷിക്കുന്ന പ്രത്യേകാന്വേഷണ സംഘത്തിന് കൈാറിയിരുന്നു. ഗൗരി ലങ്കേഷും തന്റെ ഭർത്താവും ഒരേ രീതിയിലാണ് കൊല്ലപ്പെട്ടത് എന്ന് ഹർജിയിൽ അവർ ചൂണ്ടിക്കാട്ടി. പൊലീസിൽ നിന്ന് കഴിഞ്ഞ മെയ് മാസത്തിൽ അന്വേഷണം ഏറ്റെടുത്ത പ്രത്യേകാന്വേഷണ സംഘം, കൽബുർഗിയെ വധിച്ചത് ഗണേഷും പ്രവീൺ പ്രകാശ് എന്നയാളുമാണെന്ന് കണ്ടെത്തി.