LiveTV

Live

National

മുൻ കോൺഗ്രസ് എം.എൽ.എ അൽപേഷ് താക്കൂർ ബി.ജെ.പിയിൽ ചേർന്നു 

ബി.ജെ.പി നേതൃത്വവുമായി താക്കൂർ ബന്ധപ്പെട്ടിരുന്നുവെന്നും അവിടെ നിന്നു ലഭിച്ച ഉറപ്പിനു ശേഷമാണ് കോൺഗ്രസ് വിട്ടതെന്നും ആരോപണമുണ്ടായിരുന്നു.  

മുൻ കോൺഗ്രസ് എം.എൽ.എ അൽപേഷ് താക്കൂർ ബി.ജെ.പിയിൽ ചേർന്നു 

ഗാന്ധിനഗർ: ഗുജറാത്തിലെ മുൻ കോൺഗ്രസ് എം.എൽ.എ അൽപേഷ് ഠാക്കൂർ ബി.ജെ.പിയിൽ ചേർന്നു. ഗുജറാത്ത് ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് അദ്ദേഹം ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. അൽപേഷിന്റെ സുഹൃത്തും മറ്റൊരു മുൻ കോൺഗ്രസ് എം.എൽ.എയുമായ ധവാൽസിംഗ് സാലയും ബി.ജെ.പിയിൽ ചേർന്നിട്ടുണ്ട്.

സാമൂഹ്യപ്രവർത്തകനായി പൊതുജീവിതം ആരംഭിച്ച താക്കൂർ ഗുജറാത്ത് ക്ഷത്രിയ താക്കൂർ സേന രൂപീകരിച്ചാണ് മുഖ്യധാരയിലേക്കു വന്നത്. ഒ.ബി.സി, എസ്.സി, എസ്.ടി ഏക്താ മഞ്ച് രൂപീകരിച്ച താക്കൂർ സംവരണത്തിനു വേണ്ടി നടത്തിയ പ്രക്ഷോഭങ്ങളിലൂടെ ശ്രദ്ധാകേന്ദ്രമായി. 2015-ൽ മെഹ്‌സാന ജില്ലയിൽ ഒ.ബി.സി സമ്മേളനം സംഘടിപ്പിച്ചതിന് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

രാഹുൽ ഗാന്ധി പ്രത്യേക താൽപര്യമെടുത്താണ് 2017 ഒക്ടോബറിൽ അൽപേഷിനെ കോൺഗ്രസിൽ എത്തിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ രധൻപൂരിൽ മത്സരിച്ചു വിജയിച്ചു. കോൺഗ്രസ് പാർട്ടി ബിഹാർ ഇൻചാർജ് ആയി താക്കൂറിനെ രാഹുൽ ഗാന്ധി നിയോഗിച്ചിരുന്നു. എന്നാൽ, തനിക്ക് ഗുജറാത്തിന്റെ ചുമതല നൽകണമെന്നാവശ്യപ്പെട്ട താക്കൂർ സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്നു. തന്റെ അനുയായികളെ ഗുജറാത്ത് കോൺഗ്രസ് നേതാക്കൾ വഞ്ചിച്ചുവെന്ന തോന്നലുണ്ടെന്നും സംസ്ഥാനത്തെ നേതൃത്വം ദുർബലമാണെന്നും അദ്ദേഹം ആരോപിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഏപ്രിൽ പത്തിനാണ് താക്കൂർ കോൺഗ്രസ് പദവികളും അംഗത്വവും രാജിവെച്ചത്. പാർട്ടിയുടെ വഞ്ചനയിലും അപമാനത്തിലും പ്രതിഷേധിച്ചാണ് തീരുമാനം എന്നാണ് രാജിക്കത്തിൽ പറഞ്ഞത്. അതേസമയം, ബി.ജെ.പി നേതൃത്വവുമായി താക്കൂർ ബന്ധപ്പെട്ടിരുന്നുവെന്നും അവിടെ നിന്നു ലഭിച്ച ഉറപ്പിനു ശേഷമാണ് കോൺഗ്രസ് വിട്ടതെന്നും ആരോപണമുണ്ടായിരുന്നു.