LiveTV

Live

National

നഖങ്ങള്‍ പിഴുതെടുത്തു, ബലാത്സംഗത്തിനിരയാക്കി, ജീവനോടെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി; പൊലീസ് സ്റ്റേഷനില്‍ ദലിത് യുവതി നേരിട്ടത് കൊടിയ പീഡനങ്ങള്‍

രാജസ്ഥാനിലെ ചുരു ജില്ലയിലെ 35കാരിയായ ദലിത് യുവതിയാണ് പൊലീസ് സ്റ്റേഷനിലുള്ളില്‍ ക്രൂരമായി മാനഭംഗത്തിനിരയായത് 

നഖങ്ങള്‍ പിഴുതെടുത്തു, ബലാത്സംഗത്തിനിരയാക്കി, ജീവനോടെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി; പൊലീസ് സ്റ്റേഷനില്‍  ദലിത് യുവതി നേരിട്ടത് കൊടിയ പീഡനങ്ങള്‍

പൊലീസ് സ്റ്റേഷനില്‍ നേരിട്ട ക്രൂരമായ പീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി ദലിത് യുവതി. എട്ട് ദിവസം പൊലീസ് കസ്റ്റഡിയില്‍ ഇവര്‍ക്ക് ഏല്‍ക്കേണ്ടി വന്ന പീഡനം മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. രാജസ്ഥാനിലെ ചുരു ജില്ലയിലെ 35കാരിയായ ദലിത് യുവതിയാണ് പൊലീസ് സ്റ്റേഷനിലുള്ളില്‍ ക്രൂരമായി മാനഭംഗത്തിനിരയായത്. കേസില്‍ ആറ് പൊലീസുകാര്‍ ഈയിടെ പിടിയിലായിരുന്നു.

യുവതിയുടെ ഭര്‍തൃ സഹോദരനെ മോഷണക്കേസില്‍ സര്‍ദഷഹര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലോക്കപ്പില്‍ ക്രൂരമായ മര്‍ദ്ദനത്തിനിരയായ ഇയാള്‍ അവിടെ വച്ച് തന്നെ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയെ പൊലീസുകാര്‍ സംഘം ചേര്‍ന്ന് പീഡിപ്പിച്ചത്. കേസ് അന്വേഷിക്കാന്‍ വന്ന ഉദ്യോഗസ്ഥരോടാണ് യുവതി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

സംഭവത്തെക്കുറിച്ച് യുവതിയുടെ വെളിപ്പെടുത്തല്‍

കാറിലെത്തിയ ഒരു സംഘം പൊലീസുകാര്‍ യുവതിയെ ബലമായി പിടിച്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ദിവസങ്ങളോളം അഴിക്കുള്ളില്‍ ക്രൂരമായ പീഡനത്തിരയാക്കിയ യുവതിയെ സ്റ്റേഷനിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥ രക്ഷിക്കാന്‍ ശ്രമിച്ചുവെന്നും യുവതി പറഞ്ഞു.

''എന്റെ വസ്ത്രമഴിക്കാന്‍ ശ്രമിച്ച അവര്‍ എന്നെ അവര്‍ വാക്കുകളിലൂടെ മാനഭംഗപ്പെടുത്തിക്കൊണ്ടിരുന്നു. പെട്രോള്‍ ഒഴിച്ചു ജീവനോടെ കത്തിക്കുമെന്നായിരുന്നു അവരുടെ ഭീഷണി'' യുവതി പറയുന്നു. എസ്. എച്ച്.ഒ ഉള്‍പ്പെടെ ആറ് പൊലീസുകാര്‍ ചേര്‍ന്നാണ് ഇവരെ പീഡിപ്പിച്ചത്. പൊലീസുകാരില്‍ ഒരാള്‍ യുവതിയുടെ കണ്ണുകളില്‍ പരിക്കേല്‍പ്പിച്ചു. ഷോക്കടിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. മദ്യപിച്ചെത്തിയ പൊലീസുകാര്‍ യുവതിയെ അടിക്കുകയും ഇടിക്കുകയും ചെയ്തു. സ്ക്രൂഡ്രൈവറും സ്പാനറും ഉപയോഗിച്ച് തന്റെ നഖങ്ങള്‍ പിഴുതെടുത്തതായും യുവതി വിവരിക്കുന്നു.

ഇതു കണ്ട സ്റ്റേഷനിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥ യുവതിയെ രക്ഷിച്ച് മറ്റൊരു മുറിക്കുള്ളിലാക്കി അകത്ത് നിന്നും പൂട്ടി. ആ രാത്രി സമാധാനമായി കിടന്നുറങ്ങിയെങ്കിലും പിറ്റേ ദിവസവും പീഡനം തുടര്‍ന്നതായും യുവതി പറയുന്നു. ഗുരുതരാവസ്ഥയിലായ യുവതിയെ ജയ്പൂരിലുള്ള എസ്.എം.എസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ജൂണ്‍ 30നാണ് യുവതിയുടെ ഭര്‍തൃ സഹോദരനെ മോഷണക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ജൂലൈ 6ന് യുവതിയുടെ വീട്ടിലെത്തിയ പൊലീസുകാര്‍ തൊണ്ടി മുതല്‍ ആവശ്യപ്പെട്ടാണ് യുവതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. തന്റെ കണ്‍മുന്നില്‍ കിടന്നാണ് ഭര്‍തൃ സഹോദരന്‍ ലോക്കപ്പ് മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചതെന്ന് യുവതി വെളിപ്പെടുത്തി. ഇയാള്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എസ്.എച്ച്.ഒ അടക്കം ആറ് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എസ്.എച്ച്.ഒ, ഏഴ് പൊലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കസ്റ്റഡി മരണത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

പൊലീസ് സ്റ്റേഷനില്‍ യുവതി നേരിട്ട പീഡനങ്ങള്‍ അത്യധികം അലോസരപ്പെടുത്തുന്നുവെന്നും നീതി ലഭിക്കുമെന്ന് ആര്‍ക്കും പ്രതീക്ഷ വേണ്ടെന്നും സാമൂഹ്യ പ്രവര്‍ത്തകനായ ജിഗ്നേഷ് മേവാനി ട്വീറ്റ് ചെയ്തു.