LiveTV

Live

National

എൻ.ഐ.എ ഭേദഗതി ബിൽ: എതിർത്ത് വോട്ട് ചെയ്തത് ആറു പേർ മാത്രം, ലീഗ് വോട്ട് ചെയ്തില്ല 

കെ. മുരളീധരൻ, ബെന്നി ബെഹനാൻ തുടങ്ങി കേരളത്തിൽ നിന്നുള്ള എം.പിമാരുടെ എതിർപ്പ് വകവെക്കാതെയാണ് കോൺഗ്രസ് ബില്ലിന് അനുകൂലമായി വോട്ട് ചെയ്തത്. 

എൻ.ഐ.എ ഭേദഗതി ബിൽ: എതിർത്ത് വോട്ട് ചെയ്തത് ആറു പേർ മാത്രം, ലീഗ് വോട്ട് ചെയ്തില്ല 

ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ) കൂടുതൽ അധികാരങ്ങൾ നൽകുന്ന ഭേദഗതി ബിൽ ലോക്‌സഭയിൽ പാസായപ്പോൾ എതിർത്തു വോട്ട് ചെയ്തത് വെറും ആറുപേർ. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്കെതിരെ ദുരുപയോഗം ചെയ്യപ്പെടുമെന്നു ഭയക്കുന്ന ബില്ലിലെ ഭേദഗതിക്കെതിരെ സഭയിൽ ചൂടേറിയ ചർച്ച നടന്നെങ്കിലും വോട്ടെടുപ്പ് നടന്നപ്പോൾ കോൺഗ്രസും മുസ്‌ലിം ലീഗും ഡി.എം.കെയുമടക്കമുള്ള കക്ഷികൾ എതിർപ്പ് രേഖപ്പെടുത്താൻ തയ്യാറായില്ല. കേരളത്തിൽ നിന്നുള്ള അംഗങ്ങളിൽ എം.എ ആരിഫ് മാത്രമാണ് ബിൽ ഭേദഗതിയോടുള്ള എതിർപ്പ് വോട്ടിലൂടെ പ്രകടിപ്പിച്ചത്. ആറിനെതിരെ 278 വോട്ടുകൾക്കാണ് അമിത് ഷായുടെ സ്വപ്ന ബിൽ ലോക്‌സഭയിൽ പാസായത്.

സർക്കാർ കൊണ്ടുവരുന്ന ഭേദഗതി ബില്ലുകളിൽ സാധാരണഗതിയിൽ വോട്ടെടുപ്പ് നടക്കാറില്ല. ആൾ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദിൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം) തലവൻ അസദുദ്ദീൻ ഉവൈസി ആവശ്യപ്പെട്ടതോടെയാണ് വോട്ടെടുപ്പ് ആവാമെന്ന് അമിത് ഷാ വ്യക്തമാക്കിയത്. വോട്ടെടുപ്പ് നടന്നാൽ ആരൊക്കെ ഭീകരതക്കെതിരെ നിലപാടെടുക്കുന്നു, ആരൊക്കെ ഒപ്പം നിൽക്കുന്നു എന്ന് വ്യക്തമാകുമെന്നും അമിത് ഷാ പറഞ്ഞു. ഇതോടെയാണ് കോൺഗ്രസും ഡി.എം.കെയും തൃണമൂൽ കോൺഗ്രസുമടക്കമുള്ള പാർട്ടികൾ പ്രതിസന്ധിയിലായത്.

എ.ഐ.എം.ഐ.എം എം.പിമാരായ അസദുദ്ദീൻ ഉവൈസി, ഇംതിയാസ് ജലീൽ, സി.പി.എം അംഗങ്ങളായ എ.എം ആരിഫ്, പി.ആർ നടരാജൻ, സി.പി.ഐയുടെ കെ. സുബ്ബരായൻ, നാഷണൽ കോൺഫറൻസിന്റെ ഹസ്‌നൈൻ മസൂദി എന്നിവർ ബില്ലിനെതിരെ വോട്ട് ചെയ്തു. ഭേദഗതി ബില്ലിനെ ആരിഫ് വിശേഷിപ്പിച്ചത് 'സ്റ്റേറ്റ് സ്‌പോൺസർ ചെയ്യുന്ന ഭീകരവാദം' എന്നാണ്. മൗലികാവകാശങ്ങൾ വ്യാപകമായി ലംഘിക്കപ്പെട്ടതിന്റെ പേരിൽ പിൻവലിക്കേണ്ടി വന്ന ടാഡയ്ക്കു സമാനമാണ് ഈ ബില്ലെന്നും അദ്ദേഹം പറഞ്ഞു. സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാൻ വോട്ടിംഗ് സ്ലിപ്പിൽ ഒപ്പുവെച്ചെങ്കിലും പിന്നീട് അത് ലോക്‌സഭാ സ്റ്റാഫിന്റെ കൈയിൽ നിന്നും തിരികെ വാങ്ങി.

ബിൽ ഭേദഗതി സംബന്ധിച്ച ചർച്ചയിൽ ശക്തമായ വിയോജിപ്പ് അറിയിച്ച മുസ്ലിം ലീഗ് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയാണ് ചെയതത്. പൗരന്മാരുടെ മൗലികാവകാശങ്ങളുടെ ലംഘനത്തിന് കാരണമാകുംവിധം സുരക്ഷാ ഏജൻസികളുടെ അധികാരപരിധി വർധിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എൻ.ഐ.എയുടെ വിശ്വാസ്യത മങ്ങിയെന്നും കേന്ദ്ര സർക്കാറിന്റെ ഉപകരണം മാത്രമായി അത് മാറിയെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ മേൽ സംശയത്തിന്റെ മേഘങ്ങൾ സൃഷ്ടിക്കുന്നതാണ് എൻ.ഐ.എ ഭേദഗതിയെന്ന് എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞു.

കെ. മുരളീധരൻ, ബെന്നി ബെഹനാൻ തുടങ്ങി കേരളത്തിൽ നിന്നുള്ള എം.പിമാരുടെ എതിർപ്പ് വകവെക്കാതെയാണ് കോൺഗ്രസ് ബില്ലിന് അനുകൂലമായി വോട്ട് ചെയ്തത്. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ അടച്ചിട്ട മുറിയിൽ ചേർന്ന യോഗത്തിൽ കോൺഗ്രസിന്റെ കേരള എം.പിമാർ എതിർപ്പുന്നയിച്ചെങ്കിലും വിലപ്പോയില്ല. പാർട്ടി നിലപാടിനെ ലോക്‌സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി ന്യായീകരിച്ചു.

നിലവിലെ അന്വേഷണ പരിധിയിലുള്ള കുറ്റകൃത്യങ്ങൾക്ക് പുറമെ മനുഷ്യക്കടത്ത്, കള്ളനോട്ട്, നിരോധിത ആയുധങ്ങളുടെ വിൽപന, സൈബർ ഭീകരവാദം തുടങ്ങിയ സംഭവങ്ങൾ കൂടി അന്വേഷിക്കാനുള്ള അധികാരവും നിലവിലെ നിയമസംവിധാനങ്ങളെ മറികടന്ന് പ്രത്യേക വിചാരണാ കോടതികളെ നേരിട്ട് നിയമിക്കാനുള്ള സംവിധാനവും എൻ.ഐ.എക്ക് നൽകുന്നതാണ് പുതിയ ഭേദഗതി. പുറംരാഷ്ട്രങ്ങളിൽ ഇന്ത്യക്കാർ ചെയ്യുന്ന കുറ്റകൃത്യങ്ങൾ അന്വേഷിക്കാനുള്ള അധികാരവും ബിൽ നിയമമാവുന്നതിലൂടെ എൻ.ഐ.എക്ക് കൈവരും. ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവരെ വ്യാജകേസുകളിൽ കുടുക്കുകയും വിചാരണാ തടവുകാരായി ജയിലിലടച്ച് വർഷങ്ങൾ പാഴാക്കുകയും ചെയ്യുന്നു എന്ന ആരോപണം എൻ.ഐ.എക്കെതിരെ നിലനിൽക്കുമ്പോഴാണ് അമിത് ഷാ പുതിയ ഭേദഗതിയുമായി രംഗത്തുവന്നത്.