LiveTV

Live

National

വർഗീയത പോസ്റ്റ് ചെയ്ത യുവതിയോട്‌ ഖുർആൻ വിതരണം ചെയ്യാനാവശ്യപ്പെട്ട് കോടതി; മുതലെടുക്കാൻ ബി.ജെ.പി 

ഈ വിഷയം ആളിക്കത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ബി.ജെ.പി. ഉത്തരവിനെതിരെ നിയമ നടപടി സ്വീകരിക്കാൻ സഹായിക്കാമെന്നറിയിച്ച് സുബ്രമണ്യൻ സ്വാമി രംഗത്തുവന്നു. 

വർഗീയത പോസ്റ്റ് ചെയ്ത യുവതിയോട്‌  ഖുർആൻ വിതരണം ചെയ്യാനാവശ്യപ്പെട്ട് കോടതി; മുതലെടുക്കാൻ ബി.ജെ.പി 

റാഞ്ചി: സോഷ്യൽ മീഡിയയിൽ വർഗീയ പോസ്റ്റ് ചെയ്തതിന് ശിക്ഷയായി ഖുർആൻ കോപ്പികൾ വിതരണം ചെയ്യണമെന്ന ഉത്തരവുമായി റാഞ്ചി കോടതി. റിച്ച ഭാരതി എന്ന 19-കാരിയോടാണ് അഞ്ച് ഖുർആൻ പ്രതികൾ സംഭാവന ചെയ്യാൻ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മനീഷ് കുമാർ ആവശ്യപ്പെട്ടത്. ഒരു കോപ്പി അൻജുമൻ ഇസ്‌ലാമിയ കമ്മിറ്റിക്കും മറ്റു നാലെണ്ണം വ്യത്യസ്ത സ്‌കൂൾ-കോളേജ് ലൈബ്രറികൾക്കുമാണ് വിതരണം ചെയ്യേണ്ടതെന്ന് ഉത്തരവിൽ പറയുന്നു.

റാഞ്ചിയിലെ ഒരു കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥിനിയായ റിച്ച ഭാരതി, വർഗീയ പോസ്റ്റിന്റെ പേരിൽ ശനിയാഴ്ച രാത്രിയാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ന്യൂനപക്ഷങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു എന്ന പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ചും റിച്ച ഭാരതിയെ വെറുതെ വിടണമെന്നാവശ്യപ്പെട്ടും നിരവധി ഹിന്ദു സംഘടനകൾ രംഗത്തുവന്നിരുന്നു.

ഇരുവിഭാഗങ്ങളുടെയും സമ്മതപ്രകാരമാണ് റിച്ച ഭാരതിക്ക് കോടതി ജാമ്യം അനുവദിച്ചത്. 15 ദിവസത്തിനകം ഖുർആൻ പ്രതികൾ വിതരണം ചെയ്യണമെന്നതാണ് ജാമ്യ വ്യവസ്ഥ. കോടതി നിർദേശിച്ച സമയപരിധിയിൽ ഉത്തരവ് പാലിക്കാമെന്ന് ഇവരുടെ അഭിഭാഷകൻ റാം പ്രവേശ് സിംഗ് കോടതിയെ അറിയിച്ചു.

അതേസമയം, ഖുർആൻ വിതരണം ചെയ്യാനുള്ള ഉത്തരവ് പാലിക്കില്ലെന്ന് റിച്ച ഭാരതി പറഞ്ഞു. തെറ്റായ കാര്യങ്ങൾ പോസ്റ്റ് ചെയ്യുന്ന മുസ്ലിംകൾക്കെതിരെ ഇത്തരം ശിക്ഷകൾ വിധിക്കാറില്ലെന്നും ഇന്ന് ഖുർആൻ വിതരണം ചെയ്യാൻ തയ്യാറായാൽ നാളെ ഇസ്ലാം സ്വീകരിക്കാനും നിസ്‌കരിക്കാനും കോടതി ആവശ്യപ്പെട്ടേക്കുമെന്നും സീ ന്യൂസിനോട് റിച്ച പറഞ്ഞു.

ഈ വിഷയം ആളിക്കത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ബി.ജെ.പി. ഉത്തരവിനെതിരെ നിയമ നടപടി സ്വീകരിക്കാൻ സഹായിക്കാമെന്നറിയിച്ച് സുബ്രമണ്യൻ സ്വാമി രംഗത്തുവന്നു. സംഘ് അനുകൂലിയായ അഭിഭാഷകനായ ഇഷ്‌കരൻ സിംഗ് ഭണ്ഡാരിയെ ബന്ധപ്പെട്ടാൽ നിയമസഹായം ലഭിക്കുമെന്നും കോടതിയിൽ സഹായം നൽകാമെന്നും അറിയിച്ചു. 'ഖുർആൻ വിതരണം ചെയ്യുക എന്നത് കാഫിറുകളെയും ശിക്ഷകളെയും കുറിച്ച് സംസാരിക്കുന്ന വിഭാഗങ്ങൾക്ക് അംഗീകാരം നൽകലാണ്. റിച്ച എല്ലാ യഥാർത്ഥ ഹിന്ദുക്കൾക്കും വേണ്ടിയാണ് പോരാടുന്നത്. മറ്റുള്ളവരുടെ ആശയങ്ങൾ നമുക്ക് വിതരണം ചെയ്യാൻ കഴിയില്ല.' - സുബ്രമണ്യൻ സ്വാമി ട്വിറ്ററിൽ കുറിച്ചു. റിച്ചയുടെ പിതാവുമായി സംസാരിച്ചുവെന്നും കേസുമായി മുന്നോട്ടു പോകുമെന്നും ഇഷ്‌കരൻ സിംഗ് ഭണ്ഡാരിയും വ്യക്തമാക്കി.