LiveTV

Live

National

കുമാരസ്വാമിക്കും വരുമോ യെദ്യൂരപ്പയുടെ അതേ ഗതികേട്? 

സമാനമായ സാഹചര്യങ്ങളിലൂടെ കഴിഞ്ഞ വര്‍ഷം യെദ്യൂരപ്പയും കടന്നുപോയിരുന്നു. അന്ന് ഭൂരിപക്ഷം ഉറപ്പിക്കാനാകാത്ത സാഹചര്യത്തില്‍ വിശ്വാസവോട്ടിന് മുന്നോടിയായി യെദ്യൂരപ്പ സര്‍ക്കാര്‍ രാജിവെക്കുകയായിരുന്നു...

കുമാരസ്വാമിക്കും വരുമോ യെദ്യൂരപ്പയുടെ അതേ ഗതികേട്? 

എം.എല്‍.എമാരുടെ രാജിയെ തുടര്‍ന്ന് കോണ്‍ഗ്രസ് - ജെ.ഡി.എസ് സര്‍ക്കാരിന്റെ ഭാവി അനിശ്ചിതത്വത്തിലായതിന് പിന്നാലെ സര്‍ക്കാരുണ്ടാക്കുമെന്ന അവകാശവാദവുമായി ബി.എസ് യെദ്യൂരപ്പ. വരുന്ന നാല് ദിവസത്തിനുള്ളില്‍ കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാരുണ്ടാക്കുമെന്നാണ് യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞത്. ജൂലൈ 18ന് കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ട് നേരിടാനിരിക്കെയാണ് യെദ്യൂരപ്പയുടെ അവകാശവാദം.

ബി.എസ് യെദ്യൂരപ്പ
ബി.എസ് യെദ്യൂരപ്പ

'മൂന്ന് നാല് ദിവസത്തിനകം സര്‍ക്കാരുണ്ടാക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ഞങ്ങള്‍. കര്‍ണാടകയില്‍ മികച്ച ഭരണം നടത്താന്‍ ബി.ജെ.പിക്കാകും. മുഖ്യമന്ത്രിസ്ഥാനത്തു തുടരാനാകില്ലെന്ന് കുമാരസ്വാമിക്കും വ്യക്തമായി അറിയാം. നിയമസഭയില്‍ നല്ലൊരു പ്രസംഗം നടത്തിയ ശേഷം അദ്ദേഹം രാജിവെക്കുമെന്നാണ് എന്റെ പ്രതീക്ഷ' എന്നായിരുന്നു യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞത്.

Also read: ‘മുഖ്യമന്ത്രി പദത്തിനായി യെദ്യൂരപ്പ കോഴ നല്‍കി’; ഡയറിയുടെ യഥാര്‍ഥ ദൃശ്യങ്ങള്‍ പുറത്ത്

സമാനമായ സാഹചര്യങ്ങളിലൂടെ കഴിഞ്ഞ വര്‍ഷം യെദ്യൂരപ്പയും കടന്നുപോയിരുന്നു. അന്ന് ഭൂരിപക്ഷം ഉറപ്പിക്കാനാകാത്ത സാഹചര്യത്തില്‍ വിശ്വാസവോട്ടിന് മുന്നോടിയായി യെദ്യൂരപ്പ സര്‍ക്കാര്‍ രാജിവെക്കുകയായിരുന്നു. സഭയില്‍ വൈകാരികമായ പ്രസംഗത്തിന് ശേഷമായിരുന്നു യെദ്യൂരപ്പയുടെ രാജി. 224 അംഗ കര്‍ണാടക നിയമസഭയില്‍ 105 സീറ്റുകളുള്ള ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി.

എച്ച്.ഡി കുമാരസ്വാമി
എച്ച്.ഡി കുമാരസ്വാമി

16 ഭരണകക്ഷി എം.എല്‍.എമാര്‍ രാജിവെച്ചതോടെയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് -ജെ.ഡി.എസ് സഖ്യസര്‍ക്കാരിന്റെ ഭാവി തുലാസിലായത്. 116 അംഗങ്ങളുടെ(കോണ്‍.78, ജെ.ഡി.എസ് 37, ബി.എസ്.പി 1) പിന്തുണയാണ് സര്‍ക്കാരിനുണ്ടായിരുന്നത്. രണ്ട് സ്വതന്ത്രരുടെ അടക്കം ബി.ജെ.പിക്ക് 107 എം.എല്‍.എമാരുടെ പിന്തുണയുണ്ട്.

113 അംഗങ്ങളുടെ പിന്തുണയാണ് കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്. 16 ഭരണകക്ഷി എം.എല്‍.എമാരുടെ രാജി സ്പീക്കര്‍ സ്വീകരിച്ചാല്‍ സഖ്യസര്‍ക്കാരിനെ പിന്തുണക്കുന്നവരുടെ എണ്ണം 100 ആയി കുറയും.