LiveTV

Live

National

കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് വ്യാഴാഴ്ച

ഇന്ന് ചേര്‍ന്ന നിയമസഭാ കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം.

കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് വ്യാഴാഴ്ച

കര്‍ണാടക സര്‍ക്കാര്‍ വ്യാഴാഴ്ച വിശ്വാസവോട്ട് തേടും. രാവിലെ 11നാണ് ചര്‍ച്ചയും വോട്ടെടുപ്പും നടക്കുക. ഇന്ന് നടത്തിയ കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം. തുടര്‍ന്ന്, നിമയസഭ ചേര്‍ന്നെങ്കിലും വ്യാഴാഴ്ച വരെ പിരിഞ്ഞു. വിമത എം.എല്‍.എമാരുമായുള്ള എല്ലാ അനുനയ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തില്‍ സഖ്യസര്‍ക്കാറിന് വിശ്വാസ വോട്ട് നേടുക ഏറെ പ്രയാസകരമാണ്.

Also read: ആന്റി ക്ലെെമാക്സിലേക്ക് കര്‍ണാടക

Also read: കര്‍ണാടക പ്രതിസന്ധി; എം.എല്‍.എമാരുടെ രാജി വിവാദത്തില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രിം കോടതി

ഇന്ന് നിയമസഭ സമ്മേളിയ്ക്കുന്നതിനു മുന്‍പായാണ് കാര്യോപദേശക സമിതി യോഗം ചേര്‍ന്നത്. സര്‍ക്കാര്‍ ഇന്നു തന്നെ വിശ്വാസവോട്ട് തേടണമെന്ന നിലപാടിലായിരുന്നു ബി.ജെ.പി. ഇതിനായി ഇവര്‍ നേരത്തെ സ്പീക്കറെ കാണുകയും ചെയ്തു. എന്നാല്‍, വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പ് നടത്താമെന്ന നിലപാടിലേയ്ക്കാണ് സ്പീക്കര്‍ രമേഷ് കുമാര്‍ എത്തിയത്.

വ്യാഴാഴ്ച വരെ സഭയുടെ എല്ലാ നടപടി ക്രമങ്ങളും നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യമാണ് ബി.ജെ.പി പിന്നീട് ഉന്നയിച്ചത്. ഇത് സ്പീക്കര്‍ അംഗീകരിച്ചു. കോണ്‍ഗ്രസ് - ജെ.ഡി.എസ് നേതാക്കള്‍ സ്പീക്കറെ കണ്ട് എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടു. സഭയില്‍ വിശ്വാസ വോട്ട് തേടുമ്പോള്‍ എം.എല്‍.എമാര്‍ ഹാജരായില്ലെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കണം.

അവസാന ശ്രമമെന്ന നിലയില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ ഗുലാംനബി ആസാദ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സിദ്ധരാമയ്യ എന്നിവരും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും മുംബൈയിലേയ്ക്ക് പോകാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, നേതാക്കള്‍ എത്തുമ്പോള്‍ കാണാന്‍ താല്‍പര്യമില്ലെന്നും അവരില്‍ നിന്നും ഭീഷണിയുണ്ടെന്നും സുരക്ഷയൊരുക്കണമെന്നും കാണിച്ച് വിമതര്‍ മുംബൈ പൊലിസിന് പരാതി നല്‍കി. നിലവില്‍ ബംഗളൂരുവിലുള്ള രാമലിംഗ റെഡ്ഡി, ആനന്ദ് സിങ്, റോഷന്‍ ബെയ്ഗ് എന്നിവരെ അനുനയിപ്പിയ്ക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് തുടരുന്നുണ്ട്.