LiveTV

Live

National

സഞ്ജീവ് ഭട്ടിനെ വെറുതെ വിടുമെന്ന് പ്രതീക്ഷ; കേസുമായി മുന്നോട്ടു പോകുമെന്ന് കത്‌വ അഭിഭാഷക 

2002-ലെ ഗോധ്ര സംഭവത്തിനു ശേഷം നരേന്ദ്ര മോദി ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ, അക്രമങ്ങൾക്കു നേരെ കണ്ണടക്കാൻ ആവശ്യപ്പെട്ടുവെന്ന വെളിപ്പെടുത്തൽ നടത്തിയാണ് സഞ്ജീവ് ഭട്ട് ശ്രദ്ധാകേന്ദ്രമായത്. 

സഞ്ജീവ് ഭട്ടിനെ വെറുതെ വിടുമെന്ന് പ്രതീക്ഷ; കേസുമായി മുന്നോട്ടു പോകുമെന്ന് കത്‌വ അഭിഭാഷക 

29 വർഷം പഴക്കമുള്ള കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനെതിരായ കേസ് ദുർബലമെന്ന് അഭിഭാഷക ദീപിക സിംഗ് രജാവത്ത്. അഹമ്മദാബാദിൽ ഐ.പി.എസ് ഓഫീസർ സഞ്ജീവ് ഭട്ടിന്റെ അഭിഭാഷകരുമായി നടത്തിയ ചർച്ചയിൽ പ്രതീക്ഷ പകരുന്ന കാര്യങ്ങളാണ് ലഭിച്ചതെന്നും കേസുമായി മുന്നോട്ടു പോകുമെന്നും കത്‌വ കേസിൽ പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുത്ത അഭിഭാഷക ട്വിറ്ററിലൂടെ വ്യക്തമാക്കി.

'അഹമ്മദാബാദിൽ ഐ.പി.എസ് സഞ്ജീവ് ഭട്ടിന്റെ പ്രാദേശിക അഭിഭാഷകരുമായി, അദ്ദേഹത്തിന്റെ കേസ് സംബന്ധിച്ച് വിശദമായ ചർച്ച നടത്തി. മുന്നോട്ടു പോകാനുള്ള ശക്തമായ അടിസ്ഥാനമുണ്ട്. അദ്ദേഹത്തെ ബഹുമാനപൂർവം വിട്ടയക്കുമെന്ന് എനിക്കു പ്രതീക്ഷയുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന് ശക്തിപകരാൻ നമുക്ക് കൈകോർക്കാം...' - ദീപിക സിംഗ് ട്വീറ്റ് ചെയ്തു.

2002-ലെ ഗോധ്ര സംഭവത്തിനു ശേഷം മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ, അക്രമങ്ങൾക്കു നേരെ കണ്ണടക്കാൻ ആവശ്യപ്പെട്ടുവെന്ന വെളിപ്പെടുത്തൽ നടത്തിയാണ് സഞ്ജീവ് ഭട്ട് ശ്രദ്ധാകേന്ദ്രമായത്. 2017-ൽ അനധികൃതമായി വിട്ടുനിൽക്കുന്നുവെന്നാരോപിച്ച് അദ്ദേഹത്തെ സർവീസിൽ നിന്നു പുറത്താക്കി. 1990-ൽ പൊലീസ് കസ്റ്റഡിയിലായിരുന്ന ഒരാൾ വിട്ടയക്കപ്പെട്ട ശേഷം മരണപ്പെട്ട കേസിൽ പ്രതിയാക്കിയാണ് ഭട്ടിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞയാഴ്ചയാണ്, സഞ്ജീവ് ഭട്ടിന് നിയമസഹായം നൽകുമെന്ന് ദീപിക സിംഗ് വ്യക്തമാക്കിയത്. നീതി നേടാനുള്ള ഏറ്റവും വലിയ വഴികളിലൊന്ന് അനീതിയെ തുറന്നു കാട്ടലാണെന്നും സത്യസന്ധനായ ഓഫീസർ സഞ്ജീവ് ഭട്ടിന്റെയും കുടുംബത്തിന്റെയും കൂടെ നിൽക്കുമെന്നും ദീപിക ജൂലൈ എട്ടിന് വ്യക്തമാക്കി.