LiveTV

Live

National

ഒവൈസിക്കു നേരെ വിരല്‍ ചൂണ്ടി അമിത് ഷാ, വിരട്ടേണ്ടെന്ന് ഒവൈസി

ബി.ജെ.പി അംഗം സത്പാല്‍ സിംഗ് ഉന്നയിച്ച ആരോപണത്തോട് ഒവൈസി പ്രതികരിച്ചതാണ് അമിത് ഷായെ ക്ഷുഭിതനാക്കിയത്.

ഒവൈസിക്കു നേരെ വിരല്‍ ചൂണ്ടി അമിത് ഷാ, വിരട്ടേണ്ടെന്ന് ഒവൈസി

ലോക്‌സഭയില്‍ ഒവൈസിക്കു നേരെ വിരല്‍ ചൂണ്ടി താക്കീതിന്റെ സ്വരത്തില്‍ അമിത് ഷാ. തന്നെ വിരട്ടാന്‍ നോക്കേണ്ടെന്ന് ഒവൈസിയും. അംഗങ്ങള്‍ തമ്മില്‍ സഭാ മര്യാദ ലംഘിച്ച് നേര്‍ക്കുനേരെ കൊമ്പുകോര്‍ത്തപ്പോള്‍ സ്പീക്കറുടെ കസാരയില്‍ ഇരുന്നത് എന്‍.കെ പ്രേമചന്ദ്രന്‍. ബി.ജെ.പി അംഗം സത്പാല്‍ സിംഗ് ഉന്നയിച്ച ആരോപണത്തോട് ഒവൈസി പ്രതികരിച്ചതാണ് അമിത് ഷായെ ക്ഷുഭിതനാക്കിയത്.

താന്‍ പൊലീസ് കമ്മീഷണറായിരിക്കവെ ഹൈദരാബാദ് മക്കാ മസ്ജിദ് സ്ഫോടന കേസില്‍ ചില പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനെതിരെ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായെന്ന സത്പാല്‍ സിംഗിന്റെ പരാമര്‍ശമാണ് തര്‍ക്കത്തിന് കാരണമായത്. അന്ന് മുംബെയില്‍ കമ്മീഷണറായിരുന്ന സത്പാല്‍ സിംഗിനോട് ഈ ആരോപണത്തിന് സഭയില്‍ തെളിവ് ഹാജരാക്കണമെന്ന് ഒവൈസി ആവശ്യപ്പെട്ടു.

ഈ സമയത്താണ് അമിത്ഷാ ഇടപെട്ടത്. നേരത്തെ എ.രാജ ചില ആരോപണങ്ങള്‍ യു.പി.എ സര്‍ക്കാറിനെ കുറിച്ച് ഉന്നയിച്ചപ്പോള്‍ മിണ്ടാതിരുന്ന ഒവൈസി സഭയില്‍ മര്യാദകള്‍ പാലിക്കണമെന്നും ഇതല്ല രീതിയെന്നും അദ്ദേഹത്തിനു നേര്‍ക്ക് വിരല്‍ ചൂണ്ടി അമിത് ഷാ കയര്‍ത്തു.

തന്നെ അങ്ങനെ വിരട്ടാന്‍ നോക്കേണ്ടെന്നും അത്രയെളുപ്പം ഭയപ്പെടുന്ന ആളല്ലെന്നും ഒവൈസിയും മറുപടി നല്‍കി. പിന്നീട് സഭക്കു പുറത്തിറങ്ങിയതിനു ശേഷം അമിത് ഷായുടെ നടപടിയെ വിമര്‍ശിച്ച് ഒവൈസി മാധ്യമങ്ങളുമായി സംസാരിക്കുകയും ചെയ്തു.

ആഭ്യന്തരമന്ത്രിയെ പോലെ മുതിര്‍ന്ന ചുമതലയിരിക്കുന്ന ഒരു നേതാവ് സഭാ അംഗങ്ങളെ പേരെടുത്തു വിളിച്ചും വിരല്‍ ചൂണ്ടിയും താക്കീതിന്റെ രൂപത്തില്‍ സംസാരിക്കുന്നത് ഒരുപക്ഷേ ലോക്ഭായുടെ ചരിത്രത്തില്‍ ഇതാദ്യമാണ്. അതേസമയം ഷായുടെ ഈ പ്രവൃത്തിയെ നിര്‍മ്മലാ സീതാരാമന്‍ അടക്കമുള്ള ട്രഡറി ബെഞ്ച് അംഗങ്ങള്‍ ഡസ്‌കിലടിച്ച് പ്രോല്‍സാഹിപ്പിക്കുകയാണ് ചെയ്തത്.