LiveTV

Live

National

കർണാടകയിലെ സഖ്യ സർക്കാരിന് ആശ്വാസം; രണ്ട് എം.എൽ.എമാർ തിരിച്ചെത്തുന്നു

കൂടുതൽ എം.എൽ.എമാർ കൂടി രാജി പിൻവലിക്കുമെന്നാണ് സൂചന.

കർണാടകയിലെ സഖ്യ സർക്കാരിന് ആശ്വാസം; രണ്ട് എം.എൽ.എമാർ തിരിച്ചെത്തുന്നു

പ്രതിസന്ധിയിലായ കർണാടകയിലെ സഖ്യ സർക്കാരിന് ആശ്വാസമായി രണ്ട് എം.എൽ.എമാർ തിരിച്ചെത്തുന്നു. രണ്ട് കോൺഗ്രസ് എം.എൽ.എമാരാണ് തിരികെയെത്തുന്നത്. കൂടുതൽ എം.എൽ.എമാർ കൂടി രാജി പിൻവലിക്കുമെന്നാണ് സൂചന.

കോൺഗ്രസ് നേതൃത്വം നടത്തിയ ദിവസങ്ങൾ നീണ്ട ചർച്ചകളുടെ ഫലമായാണ് എം.ടി ബി നാഗരാജ് രാജി പിൻവലിച്ച് കോൺഗ്രസിനൊപ്പം നിൽക്കാൻ തീരുമാനിച്ചത്. നാഗരാജിനൊപ്പം രാജിവെച്ച കെ.സുധാകറും തിരിച്ചെത്തുമെന്നാണ് സൂചന. രാജി പിൻവലിക്കുമെന്ന സൂചന ഇന്നലെ രാവിലെ തന്നെ നാഗരാജ് നൽകിയിരുന്നെങ്കിലും സിദ്ധരാമയ്യയുമായി ചർച്ച നടത്തിയ ശേഷമാണ് നിലപാട് പ്രഖ്യാപിച്ചത്.

രാമലിംഗ റെഡ്ഡി, റോഷൻ ബെയ്ഗ്, ആനന്ദ് സിങ് എന്നിവർ കൂടി തിരിച്ചെത്തുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. ബംഗളുരുവിൽ തുടരുന്ന എസ്.ടി. സോമശേഖറുമായും കോൺഗ്രസ് നേതൃത്വം ചർച്ചകൾ നടത്തുന്നുണ്ട്. സഭയിൽ വിശ്വാസം തേടുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി പ്രഖ്യാപിച്ചതോടെയാണ് കോൺഗ്രസ് ശക്തമായ നീക്കങ്ങൾ ആരംഭിച്ചത്.

സർക്കാറിനെ താഴെയിറക്കാനുള്ള ശ്രമങ്ങളുമായി ബി.ജെ.പിയും സജീവമാണ്. നാഗരാജുമായും രാമലിംഗ റെഡ്ഡിയുമായും പ്രതിപക്ഷ എം.എൽ.എമാർ ചർച്ച നടത്തിയിരുന്നു. തിങ്കളാഴ്ച സഭ പുനരാരംഭിക്കുന്ന സാഹചര്യത്തിൽ എം.എൽ.എമാരുടെ മടങ്ങിവരവ് കോൺഗ്രസിന് ആശ്വാസമാണ്. കൂടുതൽ ചർച്ചകൾ ഇന്നും തുടരും.