LiveTV

Live

National

കര്‍താര്‍പൂര്‍ ഇടനാഴി: ഇന്ത്യ - പാക് നിര്‍ണായക ചര്‍ച്ച തുടങ്ങി

നിര്‍മാണ കാര്യത്തിലെ അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കലാണ് പ്രധാന ലക്ഷ്യം.

കര്‍താര്‍പൂര്‍ ഇടനാഴി: ഇന്ത്യ - പാക് നിര്‍ണായക ചര്‍ച്ച തുടങ്ങി

കര്‍താര്‍പൂര്‍ ഇടനാഴിക്കായുള്ള ഇന്ത്യ - പാക് രണ്ടാം ഘട്ട ചര്‍ച്ച തുടങ്ങി. വാഗാ അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുന്നത്. നിര്‍മാണ കാര്യത്തിലെ അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കലാണ് പ്രധാന ലക്ഷ്യം.

പാകിസ്താനിലെ കര്‍‌താര്‍പൂര്‍ ഗുരുദ്വാര സാഹിബിലേക്ക് ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് സന്ദര്‍ശനം സാധ്യമാക്കുന്ന ഇടനാഴിയാണിത്. പ്രാഥമിക ധാരണയായതോടെ ഇരു രാജ്യങ്ങളിലും ഇടനാഴിയുടെ തറക്കല്ലിടല്‍ പൂര്‍ത്തിയായി. എന്നാല്‍ നിര്‍മാണ രീതിയിലും മറ്റു സാങ്കേതിക വിഷയങ്ങളിലും അഭിപ്രായ ഭിന്നതകള്‍ ഏറെ. ഈ സാഹചര്യത്തില്‍ ഇന്നത്തെ ചര്‍ച്ച നിര്‍‌ണായകമാണ്. രാവിലെ 10 മണിക്ക് ആരംഭിച്ച ചര്‍ച്ച വൈകീട്ടാണ് സമാപിക്കുക. ചര്‍ച്ചക്ക് മുന്നോടിയായി മാധ്യമങ്ങളെ കണ്ട പാക് വിദേശകാര്യ വക്താവ് ശുഭപ്രതീക്ഷ പങ്കുവെച്ചു.

ഇടനാഴി കടന്നു പോകേണ്ട വഴി, ഒരേസമയം പ്രവേശിപ്പിക്കാവുന്ന തീര്‍ത്ഥാടകരുടെ എണ്ണം, മറ്റു സുരക്ഷാ ക്രമീകരണങ്ങള്‍, ഇടനാഴിക്ക് സമീപത്തെ നദികള്‍ക്ക് കുറുകെ പാലം നിര്‍മിക്കല്‍ തുടങ്ങിയ വിഷയങ്ങളിലാണ് പ്രധാനമായും അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നത്. നേരത്തെ ഏപ്രില്‍ രണ്ടിന് ചര്‍ച്ച നിശ്ചയിച്ചിരുന്നെങ്കിലും അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.