LiveTV

Live

National

ഡൽഹി പി.സി.സിയിൽ തമ്മിൽ തല്ല്; ഷീല ദീക്ഷിതിനെതിരെ ഒരു വിഭാഗം നേതാക്കള്‍

ഡൽഹി കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി 29 മുതിർന്ന നേതാക്കൾ രാഹുൽ ഗാന്ധിക്ക് കത്തയക്കുകയും ചെയ്തു.

ഡൽഹി പി.സി.സിയിൽ തമ്മിൽ തല്ല്; ഷീല ദീക്ഷിതിനെതിരെ ഒരു വിഭാഗം നേതാക്കള്‍

നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഡൽഹി പി.സി.സിയിൽ നേതാക്കളുടെ തമ്മിൽ തല്ല് തുടരുന്നു. ജില്ലാ - ബ്ലോക്ക് കമ്മിറ്റികൾ പിരിച്ച് വിട്ട് നിരീക്ഷകരെ നിയമിച്ച അധ്യക്ഷ ഷീല ദീക്ഷിതിന്റെ തീരുമാനം ഏകപക്ഷീയമായിരുന്നുവെന്ന് പി.സി ചാക്കോ. ഡൽഹി കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി 29 മുതിർന്ന നേതാക്കൾ രാഹുൽ ഗാന്ധിക്ക് കത്തയക്കുകയും ചെയ്തു.

നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആരംഭിക്കേണ്ട സമയം കഴിഞ്ഞു. അപ്പോഴും പി.സി.സിയിലെ നേതൃ തർക്കങ്ങളിൽ പരിഹാരമായിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി - കോൺഗ്രസ് സഖ്യ ചർച്ചകളോടെയാണ് തർക്കം രൂക്ഷമായത്. സഖ്യം വേണ്ടെന്ന് വാദിച്ചവർ അധ്യക്ഷ ഷീലാ ദീക്ഷിതിനൊപ്പവും ശേഷിച്ചവർ ഡൽഹിയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി പി.സി ചാക്കോക്കൊപ്പവും അണിനിരന്നു.

തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴ് സീറ്റും ബി.ജെ.പി നേടിയതോടെ തർക്കം ഉച്ചസ്ഥായിയിലെത്തി. തൊട്ട് പിന്നാലെ കൂടിയാലോചന കൂടാതെ 14 ജില്ലാ കമ്മിറ്റികളും 280 ബ്ലോക്ക് കമ്മിറ്റികളും ഷീലാ ദീക്ഷിത് പിരിച്ചുവിട്ടു. ഈ കമ്മിറ്റികൾക്ക് പകരമായി നിരീക്ഷകരെയും നിയമിച്ചു. ഇതാണ് നിലവിൽ പ്രതിഷേധം ശക്തമാക്കിയത്. കൂടിയാലോചനകൾ കൂടാതെ ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നത് എങ്ങനെയെന്ന് ചോദിച്ച് വർക്കിങ് പ്രസിഡണ്ടുമാരും പി.സി ചാക്കോയും ഷീല ദീക്ഷിതിന് കത്തയച്ചു.

കത്ത് ലഭിച്ചിട്ടില്ലെന്നാണ് ഷീലാ ദീക്ഷിതിന്റെ ഓഫീസിന്റെ മറുപടി. തുടർന്നാണ് 29 മുതിർന്ന നേതാക്കൾ രാഹുൽ ഗാന്ധിക്ക് കത്തയച്ചത്. നിലവിൽ ഷീലാ ദിക്ഷിത് ചികിത്സയിലാണെന്നിരിക്കെ പാർട്ടിയെ നയിക്കുന്നതിനും തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും അധികാരം ആർക്കാണ് എന്നതിൽ അവ്യക്തതയുണ്ട് എന്ന് കാണിച്ചാണ് കത്ത്. ഷീലാ ദീക്ഷിതിന്റെ നീക്കങ്ങൾ പലതും ബി.ജെ.പിയെയും ആം ആദ്മി പാർട്ടിയെയും സഹായിക്കുന്നതാണെന്നും കത്തിൽ പറയുന്നു.