LiveTV

Live

National

ചന്ദ്രയാൻ 2 വിക്ഷേപണം: കൗണ്ട്ഡൗൺ തുടങ്ങി

ഇന്ത്യയുടെ രണ്ടാം ചന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 2 നാളെ പുലർച്ചെ 2.51നാണ് ബഹിരാകാശത്തേക്ക് കുതിക്കുക.

ചന്ദ്രയാൻ 2 വിക്ഷേപണം: കൗണ്ട്ഡൗൺ തുടങ്ങി

ബഹിരാകാശ രംഗത്ത് വന്‍ കുതിപ്പിനൊരുങ്ങി ഇന്ത്യ. രണ്ടാം ചാന്ദ്രപര്യവേഷണ ദൗത്യത്തിന് തുടക്കം കുറിക്കാന്‍ 20 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ ആരംഭിച്ചു. നാളെ പുലര്‍ച്ചെ 2.51ന് ആന്ധ്ര പ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപണം.

ബഹിരാകാശ രംഗത്ത് ചരിത്രകുതിപ്പിനൊരുങ്ങുകയാണ് ഇന്ത്യ. രണ്ടാം ചാന്ദ്രപര്യവേഷണ ദൌത്യം ചാന്ദ്രയാന്‍ 2 നാളെ പുലര്‍ച്ചെ 2.51ന് ശ്രീഹരികോട്ടയില്‍ നിന്ന് കുതിച്ചുയരും. ദൌത്യത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള കൌണ്ട് ഡൌണ്‍ ഇന്ന് രാവിലെ 6.51 ന് തുടങ്ങി. ചരിത്ര നിമിഷത്തിന് സാക്ഷിയാകാന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദടക്കമുള്ള പ്രമുഖരെത്തും. ഐഎസ്ആര്‍ഒയുടെ സ്വന്തം ജിഎസ്എല്‍വി 3 റോക്കറ്റുകളാണ് ചന്ദ്രനിലേക്ക് ഉപഗ്രഹങ്ങളെ വഹിക്കുന്നത്. റോക്കറ്റിന്‍റെ വിവിധ ഘട്ടങ്ങളിൽ ഇന്ധനം നിറയ്ക്കുന്നതുൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിന് മാത്രം 10 മണിക്കൂറിലേറെയെടുക്കുമെന്നാണ് വിലയിരുത്തല്‍.

ഇന്ത്യ വിജയത്തിലെത്തിച്ച ആദ്യ ചന്ദ്രയാന്‍ ദൌത്യം പൂര്‍ത്തീകരിച്ച് 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാം ദൌത്യത്തിലേക്ക് കടക്കുന്നത്. 53 ദിവസം നീണ്ട യാത്രയ്ക്ക് ശേഷമേ ചന്ദ്രയാൻ 2, ചന്ദ്രനിലെത്തുകയുള്ളൂ. 978 കോടി രൂപയാണ് ദൗത്യത്തിന്‍റെ ആകെ ചിലവ്. പേടകത്തിന് 3,850 കിലോഗ്രാം ഭാരം. ചന്ദ്രനെ വലം വയ്ക്കാനുള്ള ഓർബിറ്റർ, ചന്ദ്രനിൽ ഇറങ്ങാൻ പോകുന്ന വിക്രം ലാൻഡർ, ചന്ദ്ര പര്യവേഷണത്തിനായി തയ്യാറാക്കിയിട്ടുള്ള പ്രഗ്യാൻ റോവർ എന്നിങ്ങനെ മൂന്ന് ഘടകങ്ങൾ അടങ്ങിയതാണ് ചന്ദ്രയാൻ രണ്ട്.

13 പരീക്ഷണ ഉപകരണങ്ങളാണ് ഉപഗ്രഹത്തില്‍ വഹിക്കുന്നത്. ചന്ദ്രനിലെ രാസഘടനയെക്കുറിച്ച് പഠിക്കുക എന്നതാണ് ചാന്ദ്രയാന്റെ പ്രധാന ദൌത്യം ഐഎസ്ആര്‍ഒയെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ ദൗത്യമാണ് ഇത്.