LiveTV

Live

National

കര്‍ണാടകയില്‍ അനുനയങ്ങള്‍ ഗുണം കാണുന്നു, രാജി പിന്‍വലിക്കുമെന്ന് വിമത എം.എല്‍.എ നാഗരാജ് 

നേതാക്കളുമായി താന്‍ സംസാരിച്ചെന്നും പാര്‍ട്ടിക്കൊപ്പം നിലകൊളളുമെന്നും നാഗരാജ് പറഞ്ഞു

കര്‍ണാടകയില്‍ അനുനയങ്ങള്‍ ഗുണം കാണുന്നു, രാജി പിന്‍വലിക്കുമെന്ന് വിമത എം.എല്‍.എ  നാഗരാജ് 

കര്‍ണാടകയില്‍ ഭരണം നിലനിര്‍ത്താനുള്ള കോണ്‍ഗ്രസ് ജെ.ഡി.എസ് നീക്കങ്ങള്‍ ഫലം കാണുന്നതായി സൂചന. രാജി പിന്‍വലിക്കുമെന്ന് വിമത എം.എല്‍.എ എം.ടി.ബി നാഗരാജ് പറഞ്ഞു. നേതാക്കളുമായി താന്‍ സംസാരിച്ചെന്നും പാര്‍ട്ടിക്കൊപ്പം നിലകൊളളുമെന്നും നാഗരാജ് പറഞ്ഞു. മുഖ്യമന്ത്രി കുമാരസ്വമിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഒപ്പം എത്തിയാണ് നാഗരാജു തീരുമാനം അറിയിച്ചത്. കൂടുതല്‍ പേര്‍ രാജി പിന്‍വലിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

ഇന്നു രാവിലെയാണ് ഡി.കെ. ശിവകുമാറും ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും എം.ടി.ബി നാഗരാജുമായി ചര്‍ച്ച നടത്തിയത്. പിന്നാലെ ബിജെപി നേതാക്കളും എത്തി. എന്നാല്‍, കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം മാധ്യമങ്ങളെ കണ്ട നാഗരാജ്, രാജിക്കാര്യത്തില്‍ പുനരാലോചന നടത്തുമെന്നും ഇതിന് സമയം ആവശ്യമാണെന്നും അറിയിച്ചു.

അതേസമയം രാജിവെച്ച മറ്റൊരു എം.എല്‍.എ ആയ രാമലിംഗ റെഡ്ഡിയുമായി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും കോണ്‍ഗ്രസ് നേതാക്കളും ചര്‍ച്ച നടത്തി. എന്നാല്‍ കൃത്യമായ മറുപടി അദ്ദേഹത്തില്‍ നിന്നുണ്ടായില്ല. 15ന് സ്പീക്കറെ കാണുമെന്നും നിമയസഭ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന സൂചനകളും റെഡ്ഡി പങ്കുവെയ്ക്കുന്നുണ്ട്. എന്നാല്‍, ബംഗളൂരുവിലുള്ള മറ്റ് എം.എല്‍.എമാരെ അനുനയിപ്പിക്കാന്‍ സഖ്യ സര്‍ക്കാറിന് ഇനിയും സാധിച്ചിട്ടില്ല. ബി.ജെ.പിയും വിമതരുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.

സഭയില്‍ വിശ്വാസവോട്ട് തേടുന്നതില്‍ അര്‍ത്ഥമില്ലെന്നും ഇത് എം.എല്‍.എമാരെ ഭീഷണിപ്പെടുത്താനുള്ള തന്ത്രം മാത്രമാണെന്നും ബിജെപി അധ്യക്ഷന്‍ ബി.എസ്. യദ്യൂരിയപ്പ പ്രതികരിച്ചു.