LiveTV

Live

National

ബി.ജെ.പി എം.എല്‍.എയുടെ മകളും ഭര്‍ത്താവും കോടതിയില്‍ വച്ച് വിവാഹിതരായേക്കും

ജുലൈ 15നാണ് അലഹാബാദ് ഹൈക്കോടതി ഇവരുടെ കേസ് പരിഗണിക്കുന്നത്. 

 ബി.ജെ.പി എം.എല്‍.എയുടെ മകളും ഭര്‍ത്താവും കോടതിയില്‍ വച്ച് വിവാഹിതരായേക്കും

അന്യസമുദായത്തില്‍ നിന്നും വിവാഹം ചെയ്തതിന് ബി.ജെ.പി എം.എല്‍.എ കൂടിയായ സ്വന്തം പിതാവില്‍ നിന്നും ഭീഷണി നേരിടേണ്ടി വന്ന സാക്ഷി മിശ്രയും ഭര്‍ത്താവും കോടതിയില്‍ വച്ച് വിവാഹിതരായേക്കും. ജുലൈ 15നാണ് അലഹാബാദ് ഹൈക്കോടതി ഇവരുടെ കേസ് പരിഗണിക്കുന്നത്. കോടതി നിര്‍ദ്ദേശിച്ചാല്‍ 16ന് ഇവര്‍ അവിടെ വച്ച് തന്നെ രജിസ്റ്റര്‍ വിവാഹം ചെയ്യുമെന്ന് സാക്ഷിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.

ബറേലിയില്‍ നിന്നുള്ള എം.എല്‍.എ രാജേഷ് മിശ്രയുടെ മകളാണ് ബ്രാഹ്മണ സമുദായത്തില്‍ പെട്ട സാക്ഷി. ഇവര്‍ വിവാഹം ചെയ്തിരിക്കുന്നത് ദലിത് സമുദായംഗമായ അജിതേഷ് കുമാറിനെയാണ്. വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്നുകൊണ്ട് ജൂലൈ 3നായിരുന്നു ഇവരുടെ വിവാഹം. എന്നാല്‍ വിവാഹ ശേഷം തന്നെയും ഭര്‍ത്താവിനെയും പിതാവും സഹോദരനും ഭീഷണിപ്പെടുത്തുകയാണെന്ന് പറഞ്ഞ് യുവതി സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് വരികയായിരുന്നു. തന്റെയും ഭർത്താവിന്റെയും ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ നൽകണമെന്നും സാക്ഷി ബറേലി എസ്പിയോട് ആവശ്യപ്പെട്ടു. തനിക്കും ഭർത്താവിനും എന്തെങ്കിലും സംഭവിച്ചാൽ പിതാവും സഹോദരനുമായിരിക്കും അതിന് ഉത്തരവാദികളെന്നും സാക്ഷി പറയുന്നു. തങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ പിതാവിനെ ജയിലിൽ അടയ്ക്കണമെന്നും സാക്ഷി ആവശ്യപ്പെടുകയും ചെയ്തു.

തുടര്‍ന്ന് ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് സാക്ഷിയും അജിതേഷും അലഹാബാദ് ഹൈക്കോടതിയെ സമീപിക്കുയായിരുന്നു. എന്നാല്‍ താനോ തന്റെ ആളുകളോ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നായിരുന്നു രാജേഷ് മിശ്രയുടെ പ്രതികരണം.

Also read: ദലിത് യുവാവിനെ വിവാഹം കഴിച്ചതിന് ഭീഷണി; ബി.ജെ.പി എം.എല്‍.എക്കെതിരെ മകള്‍