LiveTV

Live

National

സോഷ്യല്‍മീഡിയയില്‍ തരംഗമായി വീണ്ടും ബീഫ് ഹാഷ്‍ടാഗ്; കാരണമിതാണ്...

നിങ്ങള്‍ക്ക് ആയിരം കാര്യങ്ങള്‍ പറയാന്‍ കഴിയും, പക്ഷേ ബീഫ് കറി എന്നാല്‍ ബീഫ് കറി തന്നെ

സോഷ്യല്‍മീഡിയയില്‍ തരംഗമായി വീണ്ടും ബീഫ് ഹാഷ്‍ടാഗ്; കാരണമിതാണ്...

ഒരിടവേളക്ക് ശേഷം സോഷ്യല്‍മീഡിയയില്‍ തരംഗമായി വീണ്ടും ബീഫ് ഹാഷ്‍ടാഗ്. തമിഴ്നാട്ടിലെ നാഗപട്ടണത്ത് ബീഫ് കഴിച്ചതിന്റ പേരില്‍ മുസ്‍ലിം യുവാവിനെ ഒരു കൂട്ടം ആളുകള്‍ ആക്രമിച്ച വാര്‍ത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് സോഷ്യല്‍മീഡിയയില്‍ ബീഫ് ഹാഷ്‍ടാഗുകള്‍ തരംഗമായിരിക്കുന്നത്. #Beef4life, #WeLoveBeef and #BeefForLife തുടങ്ങിയ ഹാഷ്‍ടാഗുകളാണ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങിലുള്ളത്. ബീഫ് കഴിക്കാനുള്ള സ്വാതന്ത്ര്യത്തിനുള്ള പിന്തുണ പ്രഖ്യാപിച്ച് ആയിരക്കണക്കിന് ആളുകള്‍ ഈ ഹാഷ്‍ടാഗുകള്‍ വഴി സോഷ്യല്‍മീഡിയയില്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് രംഗത്തുവന്നിട്ടുണ്ട്.

''നിങ്ങള്‍ക്ക് ആയിരം കാര്യങ്ങള്‍ പറയാന്‍ കഴിയും, പക്ഷേ ബീഫ് കറി എന്നാല്‍ ബീഫ് കറി തന്നെ'' എന്ന അടിക്കുറിപ്പോടെ മുഹമ്മദ് ഫൈസാന്‍ എന്ന 24 കാരന്‍ ഫേസ്ബുക്കില്‍ കഴിഞ്ഞ ദിവസം ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മുഹമ്മദ് ഫൈസാനെതിരെ ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ഫൈസാന്റെ വീട്ടിലെത്തിയ ഒരു സംഘം ആളുകള്‍ ഫേസ്ബുക്ക് ചിത്രവുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കമുണ്ടായെന്നും ഇതിന് പിന്നാലെ ഇവര്‍ ആക്രമണം അഴിച്ചുവിടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പരിക്കേറ്റ ഫൈസാനെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ ദിനേശ് കുമാര്‍, അഗതിയന്‍, ഗണേഷ് കുമാര്‍, മോഹന്‍ കുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു. തന്നെ ആക്രമിച്ചവര്‍ ഹിന്ദു മുന്നണിയുടെ പ്രവര്‍ത്തകരാണെന്ന് ഫൈസാന്‍ പറഞ്ഞു.