LiveTV

Live

National

രാഹുല്‍ ഗാന്ധി ‘വ്യാജ ഗാന്ധി’; പരിഹാസവുമായി ശിവരാജ് സിങ് ചൗഹാന്‍

പാര്‍ട്ടി പ്രതിസന്ധിയിലായിരിക്കുന്ന സമയത്ത് അധ്യക്ഷ സ്ഥാനം രാജിവച്ച രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ ചൗഹാന്‍ രൂക്ഷമായി വിമര്‍ശിച്ചു.

 രാഹുല്‍ ഗാന്ധി ‘വ്യാജ ഗാന്ധി’; പരിഹാസവുമായി ശിവരാജ് സിങ് ചൗഹാന്‍

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ശിവരാജ് സിങ് ചൗഹാന്‍. സ്വാതന്ത്ര്യത്തിന് ശേഷം കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന യഥാര്‍ഥ ഗാന്ധിയുടെ ആവശ്യം നിറവേറ്റിക്കൊണ്ടിരിക്കുന്ന വ്യാജ ഗാന്ധിയാണ് രാഹുല്‍ ഗാന്ധിയെന്ന് ചൗഹാന്‍ പറഞ്ഞു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനം രാഹുല്‍ രാജിവച്ചതിന്റെ അടിസ്ഥാനത്തിലാണ് ചൌഹാന്റെ ഒളിയമ്പ്.

മുങ്ങുന്ന കപ്പലില്‍ നിന്ന് അവസാനം ഇറങ്ങേണ്ട വ്യക്തിയാണ് ക്യാപ്റ്റനെന്ന് രാഹുലിന്റെ രാജിയെ സൂചിപ്പിച്ച് ചൗഹാന്‍ പറഞ്ഞു. നാഗ്പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ചൌഹാന്റെ പ്രസ്താവന. പാര്‍ട്ടി പ്രതിസന്ധിയിലായിരിക്കുന്ന സമയത്ത് അധ്യക്ഷ സ്ഥാനം രാജിവച്ച രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ ചൗഹാന്‍ രൂക്ഷമായി വിമര്‍ശിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി വെന്റിലേറ്ററിലാണ്. ഇങ്ങനെയൊരു സാഹചര്യത്തില്‍ കൂടുതല്‍ ക്രിയാത്മകമായി ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കുകയാണ് വേണ്ടിയിരുന്നത്. എന്നാല്‍, രാഹുല്‍ ഗാന്ധി ചെയ്തത് ഓടിയൊളിക്കലാണെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് ബി.ജെ.പി വെറുതെ സമയം കളയുകയല്ല ചെയ്യുന്നത്. കൂടുതല്‍ അംഗങ്ങളെ ചേര്‍ത്ത് പാര്‍ട്ടി വിപുലീകരിക്കുകയാണ് ലക്ഷ്യം. രാജ്യത്തിന്റെ യവ്വനം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പിയെന്നും അദ്ദേഹം പറഞ്ഞു.