LiveTV

Live

National

ഗുജറാത്ത് നിയമസഭയിൽ സംസാരിക്കാൻ അനുവദിക്കുന്നില്ല: ജിഗ്‌നേഷ് മേവാനി 

തന്നെ നിശ്ശബ്ദമാക്കാനുള്ള ഈ നടപടി ബി.ജെ.പി മനഃപൂർവം ചെയ്യുന്നതാണെന്ന് മേവാനി പറയുന്നു. 

ഗുജറാത്ത് നിയമസഭയിൽ സംസാരിക്കാൻ അനുവദിക്കുന്നില്ല: ജിഗ്‌നേഷ് മേവാനി 

ഗാന്ധിനഗർ: നിയമസഭയിൽ തനിക്ക് സംസാരിക്കാനുള്ള അവകാശം ഭരണകക്ഷിയായ ബി.ജെ.പി അട്ടിമറിക്കുന്നതായി ദളിത് നേതാവും എം.എൽ.എയുമായ ജിഗ്നേഷ് മേവാനി. സഭയിൽ പ്രസംഗിക്കുക അംഗമെന്ന നിലയിൽ തന്റെ അവകാശമാണെന്നും സ്പീക്കർ രാജേന്ദ്ര ത്രിവേദി അത് നിഷേധിക്കുകയാണെന്നും ബദ്ഗാം മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട മേവാനി പറഞ്ഞു.

'ഭരണകക്ഷിയായ ബി.ജെ.പിയും അവർ നിയമിച്ച സ്പീക്കറും എന്നെ സംസാരിക്കാൻ അനുവദിക്കുന്നില്ല. എന്റെ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയെന്ന നിലയിൽ ജനങ്ങൾക്കു വേണ്ടി സംസാരിക്കുക എന്നത് എന്റെ ചുമതലയാണ. പക്ഷേ, സ്പീക്കർ അതിന് അനുവദിക്കുന്നില്ല' മേവാനി പറഞ്ഞു.

'പശുഹത്യയുടെ പേരിൽ ഉനയിൽ ദളിത് ചെറുപ്പക്കാർ ഹീനമായി ആക്രമിക്കപ്പെട്ടിട്ട് മൂന്നു വർഷം കഴിഞ്ഞു. അതിന്റെ തൽസ്ഥിതിയെപ്പറ്റി എനിക്ക് സഭയിൽ സംസാരിക്കണം. സംസ്ഥാനത്ത് നടക്കുന്ന ജാതിവിവേചനത്തിന്റെയും വിദ്വേഷ കുറ്റകൃത്യങ്ങളുടെയും മറ്റ് അനേകം സംഭവങ്ങളും സഭയിൽ സംസാരിക്കാനുള്ള ബാധ്യത എനിക്കുണ്ട്. പക്ഷേ, സ്പീക്കർ അതൊന്നും അനുവദിക്കുന്നില്ല.'

തന്നെ നിശ്ശബ്ദമാക്കാനുള്ള ഈ നടപടി ബി.ജെ.പി മനഃപൂർവം ചെയ്യുന്നതാണെന്ന് മേവാനി പറയുന്നു. പ്രതിപക്ഷ നേതാവ് പരേഷ് ധനാനി കോൺഗ്രസിന് അനുവദിക്കപ്പെട്ട സമയം തനിക്കു നൽകിയെങ്കിലും സ്പീക്കർ തടസ്സം നിന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉയർന്ന ജാതിയിലെ പെൺകുട്ടിയെ വിവാഹം ചെയ്തതിന്റെ പേരിൽ ദളിത് യുവാവ് കൊല്ലപ്പെട്ട സംഭവം സഭയിൽ ഉന്നയിക്കാൻ അസംബ്ലി റൂൾ 116 പ്രകാരം മേവാനി നോട്ടീസ് നൽകിയെങ്കിലും സ്പീക്കർ അനുവാദം നൽകിയില്ല. അഹമ്മദാബാദിലെ മണ്ഡൽ തഹ്‌സിലിൽ, ഗുജറാത്ത് സർക്കാറിന്റെ അഭയം വിമൻ ഹെൽപ്പ്‌ലൈൻ പ്രവർത്തകർക്കൊപ്പം പോകവെയാണ് യുവാവ് ആക്രമിക്കപ്പെട്ടും കൊല്ലപ്പെട്ടതും. നോട്ടീസ് നിരസിക്കപ്പെട്ടത് ദൗർഭാഗ്യകരമാണെന്നും മേവാനി പറഞ്ഞു.