LiveTV

Live

National

ജയ് ശ്രീറാം വിളിക്കാത്തതിന് മദ്രസാ വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ആദിത്യ ശുക്ല എന്ന ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ജയ് ശ്രീറാം വിളിക്കാത്തതിന് മദ്രസാ വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം

ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരിൽ യു.പിയിൽ വീണ്ടും അതിക്രമം നടന്നതായി പരാതി. യു.പി ഉന്നോവോ ജില്ലയിലാണ് ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരിൽ പത്തിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള മദ്രസാ വിദ്യാർഥികളെ നാല് പേർ അടങ്ങുന്ന സംഘം ആക്രമിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

ദാറുൽ ഉലൂം മദ്രസയിൽ നിന്നുള്ള വിദ്യാർഥികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ക്രിക്കറ്റ് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്കാണ് സംഘം ആക്രമവുമായി എത്തിയത്. ഇവരെ കണ്ട് പേടിച്ചോടിയ കുട്ടികൾക്ക് നേരെ ഇവർ കല്ലെടുത്ത് എറിഞ്ഞതായും പരാതി നൽകിയ നഈം ഇസ്ബാഹിയെ ഉദ്ധരിച്ച് എൻ.‍ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ആദിത്യ ശുക്ല എന്ന ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ പ്രശ്നം ഉടലെടുത്തത് വർഗീയപരമായല്ലെന്നും കളി സ്ഥലവുമായി ബന്ധ‌‌‌‌പ്പെട്ട തർക്കത്തിൽ നിന്നാണെന്നുമാണ് പൊലീസ് പറയുന്നത്. അതിനിടെ പൊലീസ് പിടിയിലുള്ള ആദിത്യ ശുക്ലയെ മോചിപ്പിക്കണമെന്ന ആവശ്യവുമായി എത്തിയ ചില ഹിന്ദുത്വ സംഘങ്ങൾ, പ്രതിയെ പുറത്ത് വിടാത്ത പക്ഷം ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.