LiveTV

Live

National

ലാലു പ്രസാദ് യാദവിന് ജാമ്യം  

ശിക്ഷാ കാലാവധിയായ മൂന്നര വർഷത്തിന്റെ പകുതി ജയിലിൽ കഴിഞ്ഞുവെന്ന വസ്തുത പരിഗണിച്ചാണ് ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 

ലാലു പ്രസാദ് യാദവിന് ജാമ്യം  

റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസിൽ മുൻ ബിഹാർ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് ജാമ്യം. ദേവ്ഘർ ട്രഷറിയിൽ നിന്ന് അനധികൃതമായി 89.27 ലക്ഷം പിൻവലിച്ചുവെന്ന കേസിൽ ശിക്ഷാ കാലാവധിയായ മൂന്നര വർഷത്തിന്റെ പകുതി ജയിലിൽ കഴിഞ്ഞുവെന്ന വസ്തുത പരിഗണിച്ചാണ് ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ദേവ്ഘർ, ദുംക, ചൈബാസ ട്രഷറികളിൽ നിന്ന് പണം പിൻവലിച്ച നാലു കേസുകളിൽ ലാലു ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ദേവ്ഘറിനു പുറമെ ചൈബാസയിലെ രണ്ട് കേസുകളിൽ ഒന്നിലും അദ്ദേഹത്തിന് ജാമ്യം ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയായിരിക്കെ വ്യാജരേഖകൾ ചമച്ച് പണം തട്ടിയെടുത്തുവെന്നാണ് ലാലുവിനെതിരായ കേസ്. 2017 ഡിസംബർ മുതൽ ജയിലിലായിരുന്ന അദ്ദേഹം നിലവിൽ ചികിത്സയിലാണ്. മറ്റു കേസുകളിൽ കൂടി ശിക്ഷിക്കപ്പെട്ടതിനാൽ അദ്ദേഹത്തിന് പുറത്തിറങ്ങാനാവില്ല.

ബിഹാറിലെ വിവിധ ട്രഷറികളിൽ നിന്ന് വ്യാജരേഖയുണ്ടാക്കി ഉദ്യോഗസ്ഥർ പണം തട്ടിയത് മുഖ്യമന്ത്രിയായിരുന്ന ലാലുവിന്റെ അറിവോടെയായിരുന്നു എന്നാണ് അദ്ദേഹത്തിനെതിരായ കേസ്. എന്നാൽ, കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ആദ്യം നടപടിയെടുത്തത് താനാണെന്നും കേസുകൾ തന്നെ ഒതുക്കാനുള്ള രാഷ്ട്രീയ നീക്കമാണെന്നും ലാലു പറയുന്നു.