LiveTV

Live

National

22 വര്‍ഷങ്ങള്‍ക്ക് ശേഷം കെനിയന്‍ എം.പി ഇന്ത്യയിലെത്തി; 200 രൂപ കടംവീട്ടാന്‍...

മൌലാന ആസാദ് കോളജിലെ മാനേജ്മെന്റ് സ്റ്റഡീസ് വിദ്യാര്‍ഥിയായിരുന്നു ടോംഗി. ഓരോ ദിവസവും വിശപ്പ് മാറ്റാന്‍ കാശിനാഥിന്റെ കടയില്‍ നിന്നായിരുന്നു ടോംഗിക്ക് ഭക്ഷ്യവസ്തുക്കള്‍ ലഭിച്ചിരുന്നത്. 

22 വര്‍ഷങ്ങള്‍ക്ക് ശേഷം കെനിയന്‍ എം.പി ഇന്ത്യയിലെത്തി; 200 രൂപ കടംവീട്ടാന്‍...

കഴിഞ്ഞ ദിവസം ഒരു കെനിയന്‍ എം.പി ഇന്ത്യയിലെത്തി. പേര് റിച്ചാര്‍ഡ് ന്യഗക ടോംഗി. ഔദ്യോഗിക യാത്രയൊന്നുമായിരുന്നില്ല ടോംഗിയുടെ ഇന്ത്യാ സന്ദര്‍ശനം. മഹാരാഷ്ട്രയിലെ ഔറംഗാബാദിലുള്ള ഒരു പലചരക്കു കടക്കാരനെ കാണാന്‍ വേണ്ടി മാത്രമായിരുന്നു ടോംഗി കടല്‍ കടന്നെത്തിയത്. കാശിനാഥ് ഗാവ്‌ലി എന്നയാളെ കാണാനായിരുന്നു ടോംഗി വന്നത്. അതും 22 വര്‍ഷം മുമ്പ് കടംവാങ്ങിയ 200 രൂപയുടെ ബാധ്യത തീര്‍ക്കാന്‍. വെറും 200 രൂപയുടെ കടംവീട്ടാന്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടി എന്തിന് ടോംഗി വന്നു എന്ന ചോദ്യത്തിന് പിന്നില്‍ വൈകാരികമായ ഒരു കഥയുണ്ട്. ടോംഗി എന്ന കെനിയന്‍ ജനപ്രതിനിധി ഔറംഗാബാദിലെ പലചരക്കുകടക്കാരനായ കാശിനാഥിന്റെ കടക്കാരനായ കഥ.

1985-89 കാലഘട്ടത്തില്‍ മൌലാന ആസാദ് കോളജിലെ മാനേജ്മെന്റ് സ്റ്റഡീസ് വിദ്യാര്‍ഥിയായിരുന്നു ടോംഗി. ഓരോ ദിവസവും വിശപ്പ് മാറ്റാന്‍ കാശിനാഥിന്റെ കടയില്‍ നിന്നായിരുന്നു ടോംഗിക്ക് ഭക്ഷ്യവസ്തുക്കള്‍ ലഭിച്ചിരുന്നത്. ഒടുവില്‍ പഠനം പൂര്‍ത്തിയാക്കി ടോംഗി സ്വന്തം നാട്ടിലേക്ക് മടങ്ങുമ്പോള്‍ കാശിനാഥിന് 200 രൂപ കടക്കാരനായിരുന്നു. ഈ കടം എന്നെങ്കിലും തിരിച്ചുവന്നത് തീര്‍ക്കണമെന്ന് ഉറപ്പിച്ചായിരുന്നു താന്‍ മടങ്ങിയതെന്ന് ടോംഗി പറയുന്നു. ''22 വര്‍ഷം മുമ്പാണ് ഞാന്‍ കാശിനാഥിന് കടക്കാരനായത്. അന്ന് എനിക്ക് അത് തിരിച്ചുനല്‍കാന്‍ കഴിയുമായിരുന്നില്ല. എന്റെ കയ്യില്‍ പണമില്ലാതിരുന്നിട്ട് കൂടി അവരാണ് എനിക്ക് ഭക്ഷണം നല്‍കിയത്, എന്റെ വിശപ്പ് മാറ്റിയത്. വിവാഹത്തിന് ശേഷം എന്നെങ്കിലും ഇന്ത്യയില്‍ വരണമെന്നും കാശിനാഥിന്റെ കടം വീട്ടണമെന്നും അതിയായി ആഗ്രഹിച്ചിരുന്നു. ഇന്ന് എനിക്ക് അതിന് സാധിച്ചു. ഇപ്പോഴാണ് എനിക്ക് സമാധാനമായത്.'' - ടോംഗി പറയുന്നു.

ഭാര്യ മിഷേലിനൊപ്പമാണ് ടോംഗി ഔറംഗാബാദിലെത്തിയത്. തന്റെ ജീവിതത്തിലെ ഏറ്റവും വൈകാരികമായ യാത്രയായിരുന്നു ഇതെന്ന് ടോംഗി പറയുന്നു. കാശിനാഥിനെ നിറഞ്ഞ കണ്ണുകളോടെയാണ് ടോംഗി 22 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടത്. അവര്‍ വിശേഷങ്ങള്‍ പങ്കുവെച്ചു. പുറത്തു ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും കാശിനാഥ് തങ്ങള്‍ക്ക് വീട്ടില്‍ വിരുന്നൊരുക്കുകയായിരുന്നുവെന്നും ടോംഗി പറഞ്ഞു. ഇതിന് ശേഷം താന്‍ പഠിച്ച കോളജിലെത്തിയ വിദ്യാര്‍ഥികളുമായി ടോംഗി സംവദിക്കുകയും ചെയ്തു. കാശിനാഥിനെയും കുടുംബത്തെയും കെനിയയിലേക്ക് ക്ഷണിച്ച ശേഷമാണ് ടോംഗി ഔറംഗാബാദില്‍ നിന്നു മടങ്ങിയത്.