LiveTV

Live

National

ആന്റി ക്ലെെമാക്സിലേക്ക് കര്‍ണാടക

വിശ്വാസ വോട്ട് പ്രഖ്യാപിച്ചയുടനെ സഭ വിട്ട പ്രതിപക്ഷ നേതാവ് ബി.എസ് യദ്യൂരിയപ്പ, എം.എല്‍.എമാരോട് ബംഗളൂരുവില്‍ തന്നെ തുടരാന്‍ നിര്‍ദ്ദേശിച്ചു.

ആന്റി ക്ലെെമാക്സിലേക്ക് കര്‍ണാടക

കര്‍ണാടകയിലെ രാഷ്ട്രീയ നാടകം ആന്റി ക്ലെെമാക്സിലേയ്ക്ക്. നിര്‍ണായക നിമയസഭാ സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ വിശ്വാസവോട്ടു തേടുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പ്രഖ്യാപിച്ചു. ഇതിനായി ദിവസം തീരുമാനിക്കാന്‍ സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിശ്വാസവോട്ട് തേടാന്‍ തീരുമാനിച്ചയുടന്‍ തന്നെ എല്ലാ പാര്‍ട്ടികളും എം.എല്‍.എമാരെ റിസോര്‍ട്ടുകളിലേയ്ക്ക് മാറ്റി. എം.എല്‍.എമാരുടെ രാജിക്കാര്യത്തിലും അയോഗ്യത വിഷയത്തിലും ചൊവ്വാഴ്ച വരെ തീരുമാനമെടുക്കരുതെന്ന് സുപ്രീംകോടതി ഉത്തരവു വന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി സഭയില്‍ വിശ്വാസം തേടാന്‍ തീരുമാനിച്ചത്.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ വിശ്വാസം തെളിയിക്കേണ്ടത് തന്റെ ബാധ്യതയാണ്. വിശ്വാസവോട്ടില്‍ വിജയിച്ച് ഭരണം തുടരാനാകുമെന്നാണ് വിശ്വാസമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദര്‍ശമുള്ള പാര്‍ട്ടിയെന്ന നിലയ്ക്ക്, ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും ഇതിനാലാണ് വിശ്വാസവോട്ട് തേടാന്‍ തീരുമാനിച്ചതെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അറിയിച്ചു.

വിശ്വാസ വോട്ട് പ്രഖ്യാപിച്ചയുടനെ സഭ വിട്ട പ്രതിപക്ഷ നേതാവ് ബി.എസ് യദ്യൂരിയപ്പ, എം.എല്‍.എമാരോട് ബംഗളൂരുവില്‍ തന്നെ തുടരാന്‍ നിര്‍ദ്ദേശിച്ചു. പിന്നാലെ വിവിധ റിസോര്‍ട്ടുകളിലേയ്ക്കായി ഇവരെ മാറ്റി. കോണ്‍ഗ്രസ്, ജെ.ഡി.എസ് എം.എല്‍.എമാരും റിസോര്‍ട്ടുകളിലാണ് കഴിയുന്നത്. സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ കൂടുതല്‍ നിയമ നടപടികളെ കുറിച്ച് ആലോചിയ്ക്കുകയാണ് മുംബൈയിലുള്ള വിമത എം.എല്‍.എമാര്‍. ഇനി തിങ്കളാഴ്ചയാണ് സഭ സമ്മേളിയ്ക്കുക.