LiveTV

Live

National

നാടുകടത്തലിനെതിരെ കവിതയെഴുതിയതിന് മുസ്‌ലിം കവിക്കെതിരെ കേസ് 

ബി.ജെ.പി സർക്കാറിന്റെ മറ്റനേകം പദ്ധതികൾ പോലെ പൗരത്വ രജിസ്റ്ററും മുസ്ലിംകളെ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്ന് ലണ്ടൻ ആസ്ഥാനമായുള്ള ദി എക്കണോമിസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു 

നാടുകടത്തലിനെതിരെ കവിതയെഴുതിയതിന് മുസ്‌ലിം കവിക്കെതിരെ കേസ് 

ഗുവാഹതി: ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ (എൻ.സി.ആർ) കവിതയെഴുതിയതിന് അസമിൽ മുസ്‌ലിംകളടക്കമുള്ള കവികൾക്കും കലാകാരന്മാർക്കുമെതിരെ കേസ്. മിയ പ്രാദേശികഭാഷയിൽ കവിതയെഴുതിയ കാസി ഷരോവർ ഹുസൈനും മറ്റ് ഒൻപത് പേർക്കുമെതിരെയാണ് അസം പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പ്രണബ്ജിത് ദൊലോയ് എന്ന മാധ്യമപ്രവർത്തകന്റെ പരാതിയിലാണ് കവികളും കലാകാരന്മാരുമടക്കമുള്ള പത്തു പേർക്കെതിരെ കേസെടുത്തത്.

ബി.ജെ.പി സർക്കാർ നടപ്പിലാക്കുന്ന ദേശീയ പൗരത്വ രജിസ്റ്റർ മുസ്‌ലിംകളെ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് പ്രതിഷേധിച്ച് കവിതയെഴുതിയവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഉർദുവിൽ നിന്ന് ഉരുത്തിരിഞ്ഞുണ്ടായ മിയ ഭാഷ അസമിലെ ബംഗാളി മുസ്ലിംകളുടെ ഭാഷയാണ്.

പൗരത്വ രജിസ്റ്ററിലെ അസമത്വത്തിനെതിരെയായിരുന്നു കവിത എന്നാണ് റിപ്പോർട്ടുകൾ. അക്രമത്തിനും അനീതിക്കും ഇരയാകുന്നവർക്ക് നിയമ, സാമ്പത്തിക സഹായം നൽകുന്ന കാർവാൻ എ മൊഹബത്ത് എന്ന സംഘടന പുറത്തിറക്കിയ വീഡിയോയിൽ ഈ കവിത ഉപയോഗിച്ചിരുന്നുവെന്ന് സൂചനയുണ്ട്.

കവിത പ്രകോപനപരവും ദേശദ്രോഹപരവുമാണെന്നാണ് പരാതിയിൽ പറുന്നത്. അപരരെ വെറുക്കുന്നവരായി അസമീസ് ജനതയെ ലോകത്തിനു മുന്നിൽ ചിത്രീകരിക്കുന്നതാണ് കവിതയെന്നും അത് അസമീസ് ജനതക്ക് ഗുരുതരമായ ഭീഷണിയാണെന്നും പരാതിയിൽ പറയുന്നു. സമൂഹത്തിലെ ഐക്യം തകർക്കുന്നതും ദേശീയ സുരക്ഷക്ക് ഭീഷണിയുമാണ് കവിതയെന്നും പരാതിയിലുണ്ട്. പരാതി സ്വീകരിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി ഗുവാഹതി സെൻട്രൽ ഡി.സി.പി ധർമേന്ദ്ര ദാസ് പറഞ്ഞു.

യഥാർത്ഥ പൗരന്മാരെ അപരന്മാരായി മുദ്രകുത്തുകയും തടങ്കൽ കേന്ദ്രങ്ങളിലേക്ക് അയക്കുകയും ചെയ്യുന്നതിനെതിരെ കവിതയെഴുതാൻ പോലുമുള്ള സ്വാതന്ത്ര്യം ഇല്ലേയെന്ന് പൊതുപ്രവർത്തകൻ അബ്ദുൽ കലാം ആസാദ് ചോദിച്ചു. ബി.ജെ.പി സർക്കാറിന്റെ മറ്റനേകം പദ്ധതികൾ പോലെ പൗരത്വ രജിസ്റ്ററും മുസ്ലിംകളെ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്ന് ലണ്ടൻ ആസ്ഥാനമായുള്ള ദി എക്കണോമിസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു.