LiveTV

Live

National

വയനാട്ടിലെ കര്‍ഷക ആത്മഹത്യ ലോക്സഭയില്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധി‍

സര്‍ക്കാര്‍ ഒരേ സമയം വന്‍കിടക്കാരെ സഹായിക്കുകയും കര്‍ഷകരെ അവഗണിക്കുകയുമാണെന്ന് രാഹുല്‍ വിമര്‍ശിച്ചു.

വയനാട്ടിലെ കര്‍ഷക ആത്മഹത്യ ലോക്സഭയില്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധി‍

ലോക്സഭയിലെ ആദ്യ പ്രസംഗത്തില്‍ വയനാട്ടിലെ കര്‍ഷ ആത്മഹത്യ വിഷയം ഉന്നയിച്ച് രാഹുല് ഗാന്ധി. കാര്‍ഷിക വായ്പ മൊറടോറിയം നീട്ടുന്നതിന് ആര്‍.ബി.ഐക്ക് നിര്‍ദേശം നല്‍കണമെന്നതായിരുന്നു പ്രധാന ആവശ്യം.

സര്‍ക്കാര്‍ ഒരേ സമയം വന്‍കിടക്കാരെ സഹായിക്കുകയും കര്‍ഷകരെ അവഗണിക്കുകയുമാണെന്ന് രാഹുല്‍ വിമര്‍ശിച്ചു. 17ാം ലോക്സഭയില്‍ ആദ്യമായി സംസാരിക്കാന്‍ ലഭിച്ച അവസരം സ്വന്തം മണ്ഡലമായ വയനാട്ടിലെയും രാജ്യത്താകമാനവുമുള്ള കര്‍ഷകര്‍ക്കുമായി ഉപയോഗിക്കാനായിരുന്നു രാഹുല്‍ ഗാന്ധിയുടെ തീരുമാനം. വയനാട്ടിലുണ്ടായ കര്‍ഷക ആത്മഹത്യ ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ സംസാരിക്കാനാരംഭിച്ചത്.

ഇന്നലെ കൂടി വയനാട്ടില്‍ കടബാധ്യതയാല്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ഒന്നര വര്‍ഷത്തിലുണ്ടായത് 18 കര്‍ഷക ആത്മഹത്യ. കടം തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ബാങ്കിന്റെ ജപ്തി നോട്ടീസ് ലഭിച്ചവര്‍ 8000 പേര്‍. മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ കേന്ദ്രത്തിവും ആര്‍.ബി.ഐയും പിന്തുണക്കുന്നില്ലെന്ന് രാഹുല്‍ പറഞ്ഞു.

വന്‍കിടക്കാരോടും കര്‍ഷകരോടും മോദിസര്‍ക്കാര്‍ കാണിക്കുന്ന സമീപനവും രാഹുല്‍ തുറന്നുകാട്ടി. കഴിഞ്ഞ അഞ്ച് വര്‍ഷം മോദി സര്‍ക്കാര്‍ വന്‍കിടക്കാര്‍ക്ക് 4.3 ലക്ഷം കോടിയുടെ നികുതി ഇളവും 5.5 ലക്ഷം കോടി എഴുതി തള്ളുകയും ചെയ്തു. എന്തുകൊണ്ടാണ് ഈ ഇരട്ട നയമെന്ന് രാഹുല്‍ ചോദിച്ചു.

കര്‍ഷക പ്രശ്നങ്ങള്‍ക്ക് സ്ഥായായ ഒരു പരിഹാരം ബജറ്റില്‍ ഇല്ല. പ്രധാനമന്ത്രി താങ്ങുവിലയും കാര്‍ഷിക കടവും സംബന്ധിച്ച് പല വാഗ്ദാനങ്ങളും നല്‍കിയിരുന്നു. ഭരണപക്ഷ എം.പിമാരുടെ തടസപ്പെടത്തലുകള്‍ക്കിടെ, നല്‍കിയ വാഹ്ദാനങ്ങള്‍ പാലിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകണമെന്ന് പറഞ്ഞുകൊണ്ടാണ് രാഹുല്‍ പ്രസംഗം അവസാനിപ്പിച്ചത്.