LiveTV

Live

National

കര്‍ണാടക വിഷയം ഇന്ന് സുപ്രിം കോടതിയില്‍

പ്രതാപ് ഗൗഡ പാട്ടീൽ ഉൾപ്പടെ 10 വിമത എം.എൽ.എ മാർ സമര്‍പ്പിച്ച ഹരജി കോടതി പരിഗണിക്കും 

കര്‍ണാടക വിഷയം ഇന്ന് സുപ്രിം കോടതിയില്‍

കർണാടക രാഷ്ട്രീയ പ്രതിസന്ധി വിഷയം ഇന്ന് സുപ്രിം കോടതിയില്‍. പ്രതാപ് ഗൗഡ പാട്ടീൽ ഉൾപ്പടെ 10 വിമത എം.എൽ.എ മാർ സമര്‍പ്പിച്ച ഹരജി കോടതി പരിഗണിക്കും. രാജി സ്വീകരിക്കാൻ സ്‌പീക്കറോട് നിർദേശിക്കുക, അയോഗ്യനാക്കാനുള്ള നടപടികൾ തടയുക എന്നിവയാണ് വിമത എം.എല്‍.എ മാരുടെ പ്രധാന ആവശ്യങ്ങള്‍.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉച്ചക്ക് മുന്‍പ് തന്നെ കേസ് പരിഗണിക്കും. എം.എല്‍.എമാര്‍ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തകി ഹാജരായേക്കും. കോണ്‍ഗ്രസിനായി പാര്‍ട്ടി നേതാവും മുതിര്‍ന്ന അഭിഭാഷനുമായ അഭഷേക് മനു സിംഗ്‍വിയാണ് ഹാജരാവുക.‌ഈമാസം 6 ന് രാജിക്കത്ത് കൈമാറിയിട്ടും സ്പീക്കര്‍ സ്വീകരിക്കുന്നില്ല. ഭരണഘടന വിരുദ്ധ നിലാപട് കൈകൊള്ളുകയാണ്.അതിനാല്‍ സ്പീക്കറോട് രാജി സ്വീകരിക്കാന്‍ ആവശ്യപ്പെടണം എന്നാണ് എം.എല്‍.എമാരുടെ ഹര്‍ജിയിലെ പ്രധാന ആവശ്യം. അയോഗ്യനാക്കാനുള്ള നടപടികൾ തടയണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കുമാര സ്വാമി സര്‍ക്കാരിന് ഇപ്പോള്‍ ഭൂരിപക്ഷമില്ല. എന്നിട്ടും വിശ്വാസ വോട്ടെടുപ്പിന് തയ്യാറാകുന്നില്ല , ബി.ജെ.പിയാണ് വലിയ ഒറ്റ കക്ഷിയെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. എം എല്‍ എ മാരുടെ രാജി ചട്ടപ്രകാരമല്ലെന്നാണ് സ്പീക്കര്‍ നേരത്തെ പറഞ്ഞിരുന്നത്. തന്നെ കാണാന്‍ മുന്‍കൂട്ടി അനുവാദമെടുത്തല്ല എം.എല്‍.എമാര്‍ വന്നത് എന്നും സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാര്‍ വിശദീകരിച്ചിരുന്നു. ഇക്കാര്യം കോണ്‍ഗ്രസ് കോടതിയെ അറിയിച്ചേക്കും.