LiveTV

Live

National

കര്‍ണാടക; രാജി നല്‍കി വിമതര്‍ വീണ്ടും റിസോര്‍ട്ടിലേക്ക്

‘ഇന്ന് രാത്രി മുഴുവന്‍ ഇരുന്ന് രാജിക്കത്തുകള്‍ പരിശോധിക്കും’

കര്‍ണാടക; രാജി നല്‍കി വിമതര്‍ വീണ്ടും റിസോര്‍ട്ടിലേക്ക്

മുംബെെയിൽ നിന്നെത്തിയ പത്ത് വിമത എം.എൽ.എമാർ കര്‍ണാടക സ്പീക്കർക്ക് രാജി നൽകി മടങ്ങി. എന്നാൽ എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാത്ത സ്പീക്കര്‍ രമേശ് കുമാര്‍, രാജിക്കാര്യത്തിലെ വിശ്വാസ്യത ബോധ്യപ്പെടണമെന്ന് പറഞ്ഞു.

ആരുടെയും ഭീഷണിയോ പ്രേരണയോ രാജിക്ക് പിന്നിലില്ലെന്ന് ബോധ്യപ്പെടണം. വിമതര്‍ ആദ്യ ഘട്ടത്തില്‍ തന്നെ കാണാതെ ഗവര്‍ണറെ കണ്ടത് ചട്ട വിരുദ്ധമാണ്. ഇന്ന് രാത്രി മുഴുവന്‍ ഇരുന്ന് രാജിക്കത്തുകള്‍ പരിശോധിക്കും. ആരെയും സംരക്ഷിക്കാനോ പുറത്താക്കാനോ ശ്രമിച്ചിട്ടില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

കര്‍ണാടക; രാജി നല്‍കി വിമതര്‍ വീണ്ടും റിസോര്‍ട്ടിലേക്ക്

ചില എം.എല്‍.മാര്‍ക്ക് ഭീഷണിയുണ്ടെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. അവരോട് കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയും. രാജിക്കത്തുകള്‍ വിശദമായി പരിശോധിച്ച് എം.എല്‍.എമാരുടെ രാജി സ്വമേധയാ ആണോ ആരുടെയെങ്കിലും സമ്മര്‍ദത്തിന് വഴങ്ങിയാണോ എന്ന കാര്യവും വിശദമായി പരിശോധിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. ഇന്ന് വിധാന്‍ സൌധയില്‍ നടന്ന എല്ലാ കാര്യങ്ങളും വിശദമായി ചിത്രീകരിച്ചിട്ടുണ്ട്. ഇത് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് സ്പീക്കർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം വിമത എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഇരു പാര്‍ട്ടികളും കത്ത് നല്‍കിയിട്ടുണ്ടെന്നും ഇവരോട് കൂടുതല്‍ തെളിവുകള്‍ നാളെത്തന്നെ ഹാജരാക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. സ്പീക്കറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം വിമത എം.എല്‍.എമാര്‍ മുംബൈയിലെ റിസോര്‍ട്ടിലേക്ക് തിരിച്ചു. നാളെ നടക്കുന്ന നിയസഭാ സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് കോണ്‍ഗ്രസ് വിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും വിമത എം.എല്‍.എമാര്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു.