LiveTV

Live

National

ബാബരി ഭൂമിതർക്കം: മധ്യസ്ഥ റിപ്പോര്‍ട്ട് ഈ മാസം 18നകം സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി

ചർച്ചയിൽ പുരോഗതി ഇല്ലെന്നാണ് റിപ്പോർട്ട് എങ്കിൽ അതിനനുസരിച്ച് തീരുമാനം എടുക്കുമെന്ന് കോടതി

ബാബരി  ഭൂമിതർക്കം: മധ്യസ്ഥ റിപ്പോര്‍ട്ട് ഈ മാസം 18നകം സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി

ബാബരി മസ്ജിദ് ഭൂമിതർക്ക കേസിൽ മധ്യസ്ഥ റിപ്പോർട്ട് ഈ മാസം 18നകം സമർപ്പിക്കണമെന്ന് സുപ്രീംകോടതി. ചർച്ചയിൽ പുരോഗതി ഇല്ലെന്നാണ് റിപ്പോർട്ട് എങ്കിൽ 25ആം തിയ്യതി മുതല്‍ അന്തിമവാദം തുടങ്ങും. കേസിലെ പ്രഥമ പരാതിക്കാരന്‍റെ അപേക്ഷയിലാണ് സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്‍റെ തീരുമാനം.

സുപ്രീം കോടതി തന്നെ നിയോഗിച്ച ജസ്റ്റിസ് എം.എം ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ സമതിയുടെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ മധ്യസ്ഥ ചര്‍ച്ച തുടരുകയാണ്. ഇതിനിടെയാണ് ഹിന്ദുപക്ഷത്തെ പ്രഥമ പരാതിക്കാരനായ ഗോപാല്‍ സിംഗ് മധ്യസ്ഥ ചര്‍ച്ചയെ വിമര്‍ശിച്ചും അന്തിമവാദം കേള്‍ക്കല്‍ വേഗത്തില്‍ ആരംഭിക്കാന്‍ ആവശ്യപ്പെട്ടും കോടതിയെ സമീപിച്ചത്.

ഹര്‍ജി ഇന്ന് പരിഗണിച്ചപ്പോള്‍ നിര്‍മോഹി അഖാഡെ അടക്കം ഹിന്ദു പക്ഷത്തെ മറ്റു പ്രധാന കക്ഷികളും ഇതേ ആവശ്യം ഭരണഘടന ബഞ്ചിന് മുന്‍പാകെ ഉന്നയിച്ചു. മധ്യസ്ഥത ഫലം കാണുന്നില്ലെന്നും കോടതി അന്തിമ വാദം കേള്‍ക്കണമെന്നും നിര്‍മ്മോഹി അഖാഡെ വാദിച്ചു. ഈ വാദത്തെ മുസ്‍ലിം പക്ഷത്തെ കക്ഷിയായ സുന്നി വഖഫ് ബോര്‍ഡ് എതിര്‍ത്തു. മധ്യസ്ഥ സമതിയെ ഇപ്പോള്‍ വിമര്‍ശിക്കേണ്ട കാര്യമില്ല. കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് മധ്യസ്ഥ ചര്‍ച്ച നടക്കുന്നത്. സമിതിക്ക് അനുവദിച്ച സമയം ഇനിയും ബാക്കിയുണ്ട്. കോടതി ഉത്തരവ് ആര്‍ക്കും മറികടക്കാന്‍ ആകില്ലെന്നും സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാന്‍ പറഞ്ഞു.

മധ്യസ്ഥ സമിതിയുടെ റിപ്പോര്‍ട്ടിന് കാത്തിരിക്കൂ എന്നായിരുന്നു രണ്ടു വാദവും കേട്ട ശേഷം കോടതിയുടെ പ്രതികരണം. പിന്നീട് സമതിയോട് 18ആം തിയ്യതിക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. ചർച്ചകളിൽ പുരോഗതിയില്ലെന്നാണ് ഈ റിപ്പോര്‍ട്ടിലുള്ളതെങ്കില്‍ 25ആം തിയ്യതി മുതല്‍ അന്തിമ വാദം ആരംഭിക്കുമെന്നും കോടതി വ്യക്തമാക്കി.