LiveTV

Live

National

ബാബരി കേസ്: മധ്യസ്ഥത വിജയിക്കുന്നില്ലെങ്കിൽ ഈ മാസം 25 മുതൽ വാദം കേൾക്കുമെന്ന് സുപ്രീം കോടതി 

ഒരു കക്ഷിയുടെ മാത്രം താൽപര്യത്തിനനുസരിച്ച് മധ്യസ്ഥ ചർച്ചകൾ ഉപേക്ഷിക്കരുതെന്ന് മുസ്‌ലിം സംഘടനകൾക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ പറഞ്ഞു. 

ബാബരി കേസ്: മധ്യസ്ഥത വിജയിക്കുന്നില്ലെങ്കിൽ ഈ മാസം 25 മുതൽ വാദം കേൾക്കുമെന്ന് സുപ്രീം കോടതി 

ന്യൂഡൽഹി: സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ മധ്യസ്ഥ സമിതിയുടെ ശ്രമങ്ങൾ വിജയം കാണുന്നില്ലെങ്കിൽ ബാബരി കേസിൽ ജൂലൈ 25-ന് വാദം കേൾക്കുമെന്ന് സുപ്രീം കോടതി. കേസിൽ നേരത്തെ വാദം കേൾക്കണമെന്നാവശ്യപ്പെട്ട് അന്യായക്കാരിലൊരാൾ നൽകിയ ഹരജിയിലാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. റിട്ട. ജസ്റ്റിസ് ഖലീഫുല്ല അധ്യക്ഷനായ മധ്യസ്ഥ സംഘത്തോട് ജൂലൈ 18-ന് തൽസ്ഥിതി റിപ്പോർട്ട് നൽകാൻ കോടതി നിർദേശിച്ചു.

18-ന് സമർപ്പിക്കുന്ന തൽസ്ഥിതി റിപ്പോർട്ട് വിലയിരുത്തിയ ശേഷമായിരിക്കും കേസിൽ ഓഗസ്റ്റ് 15-നു മുമ്പു തന്നെ വാദം കേൾക്കണോ വേണ്ടയോ എന്ന കാര്യം കോടതി തീരുമാനിക്കുക. മധ്യസ്ഥത വഴി പരിഹാരം കാണാനാവില്ലെന്ന് മൂന്നംഗ സമിതി അറിയിക്കുകയാണെങ്കിൽ ജൂലൈ 25 മുതൽ വാദം കേൾക്കുമെന്ന് കോടതി അറിയിച്ചു.

മാർച്ച് എട്ടിനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ബാബരി കേസിൽ മധ്യസ്ഥതക്കായി മൂന്നംഗ സംഘത്തെ നിയമിച്ചത്. ബാബരി മസ്ജിദ് നിലനിന്നിരുന്ന യു.പിയിലെ ഫൈസാബാദിലാണ് മധ്യസ്ഥ നീക്കങ്ങൾ. എന്നാൽ ചർച്ച കൊണ്ട് കാര്യമില്ലാത്തതിനാൽ നേരത്തെ വാദം കേൾക്കണമെന്നാവശ്യപ്പെട്ട് അന്യായക്കാരൻ ഗോപാൽ സിങ് വിശാരദ് കോടതിയെ സമീപിക്കുകയായിരുന്നു. ആദ്യവട്ട ചർച്ചകൾ പിന്നിട്ടെങ്കിലും പുരോഗതിയൊന്നുമില്ലെന്ന് ഗോപാൽ സിങ്ങിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ. പരാശരൻ വാദിച്ചു. നിരവധി വിശ്വാസികളുടെ വിശ്വാസവും വികാരവും ഉൾപ്പെട്ട കേസിൽ ഒത്തുതീർപ്പ് സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, ഒരു കക്ഷിയുടെ മാത്രം താൽപര്യത്തിനനുസരിച്ച് മധ്യസ്ഥ ചർച്ചകൾ ഉപേക്ഷിക്കരുതെന്ന് മുസ്‌ലിം സംഘടനകൾക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ പറഞ്ഞു. 'ഒരു കക്ഷിക്കു മാത്രം മടുത്തതു കൊണ്ട് മധ്യസ്ഥ പ്രക്രിയ ഉപേക്ഷിക്കരുത്. മധ്യസ്ഥത കീറിക്കളയാനാണ് അവർ ആവശ്യപ്പെടുന്നത്. ഇത് മെയ് 10-ലെ ഉത്തരവിന് എതിരാണ്.' അദ്ദേഹം പറഞ്ഞു.

മാർച്ചിൽ നിയമിച്ച മധ്യസ്ഥ സമിതിക്ക് ആദ്യം എട്ടാഴ്ച സമയം നൽകിയ സുപ്രീംകോടതി പിന്നീട് സമയം ഓഗസ്റ്റ് 15 വരെ നീട്ടിനൽകിയിരുന്നു. മെയ് ഏഴിന് സമിതി ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. ബന്ധപ്പെട്ട കക്ഷികളുമായുള്ള ചർച്ചകൾ ക്യാമറയിൽ പകർത്തണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. ബാബരി മസ്ജിദ് - രാമജന്മഭൂമി കേസ് 1500 സ്‌ക്വയർഫീറ്റിലെ തർക്കഭൂമിയുടെ മാത്രം കേസല്ലെന്നും മതവികാരം അടങ്ങുന്നതാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. ജനങ്ങളുടെ ബോധത്തിലേക്കും ഹൃദയത്തിലേക്കുമാണ് നോക്കുന്നതെന്നും മുറിവുണക്കുംവിധമുള്ള മധ്യസ്ഥത ഉണ്ടാകാനാണ് ആഗ്രഹിക്കുന്നതെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു.