LiveTV

Live

National

പരാജയം പഠിക്കാന്‍ രാഹുല്‍ അമേഠിയില്‍; അധ്യക്ഷ പദവിയെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം

ഗൗരിഗഞ്ച് അടക്കമുള്ള ഇടങ്ങളില്‍ രാഹുല്‍ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി.

പരാജയം പഠിക്കാന്‍ രാഹുല്‍ അമേഠിയില്‍; അധ്യക്ഷ പദവിയെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം

അധ്യക്ഷ പദവിയെ ചൊല്ലി കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത രൂക്ഷം. രാഹുല്‍ ഗാന്ധിക്ക് പകരം ഒരു യുവനേതാവിനെ കൊണ്ടുവരണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. പ്രവര്‍ത്തക സമിതി അംഗങ്ങളില്‍ നിന്ന് ഇത് സംബന്ധിച്ച് അഭിപ്രായം തേടി. ഇതിനിടെ പരാജയം പഠിക്കാനായി രാഹുല്‍ ഗാന്ധി അമേഠിയിലെത്തി.

കോണ്‍ഗ്രസ് അധ്യക്ഷ പദത്തിലേക്ക് യുവ നേതാവ് വേണമെന്നും, അതല്ല മുതിര്‍ന്ന നേതാവ് മതിയെന്നും ആവശ്യപ്പെട്ടാണ് മുതിര്‍ന്ന നേതാക്കള്‍ സംഘം ചേര്‍ന്നത്. രാഹുല്‍ ഗാന്ധി ഒഴിഞ്ഞ പദവിയിലേക്ക് ഊര്‍ജസ്വലനായ, താഴെ തട്ടില്‍ സ്വാധീനമനുള്ള യുവ നേതാവ് വരണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. ഇക്കാര്യം പരിഗണിച്ചാല്‍ ജോതിരാദിത്യ സിന്ധ്യക്കും സച്ചിന്‍ പൈലറ്റിനും സാധ്യത തെളിയും.

നിലവില്‍ മുതിര്‍ന്ന നേതാക്കളും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തരുമായ സുശീല്‍ കുമാര്‍ ഷിന്‍ഡെ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരാണ് പരിഗണനയില്‍. ഇരു വിഭാഗങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം ശക്തമായതോടെ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന അഹമ്മദ് പട്ടേല്‍ പ്രവര്‍ത്തക സമിതി അംഗങ്ങളില്‍ നിന്ന് അഭിപ്രായം തേടി.

ഇതിനിടെയാണ് രാഹുല്‍ ഗാന്ധി പരാജയം പഠിക്കാന്‍ അമേഠിയിലെത്തിയത്. ലക്നൌ വിമാനത്താവളത്തില്‍ പ്രവര്‍ത്തരും നേതാക്കളും രാഹുലിനെ സ്വീകരിച്ചു. ഗൌരിഗഞ്ച് അടക്കമുള്ളവിടങ്ങളില്‍ രാഹുല്‍ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി.

രാഹുല് ഗാന്ധിയുടെ ട്വിറ്റര്‍ ഫോളോവേഴ്സ് 10 മില്യണ്‍ തികച്ചതിലെ ആഘോഷവും സംഘടിപ്പിച്ചിരുന്നു. മരിച്ച മുന്‍ ബ്ലോക്ക് പ്രസിഡന്റ് ദ്വിന്ദ പ്രസാദ് ദ്വിവേദിയുടെ വസതിയും രാഹുല്‍ സന്ദര്‍ശിച്ചു.