LiveTV

Live

National

കര്‍ണാടക: രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടി രാജി വെച്ചു

കോണ്‍ഗ്രസ് എം.എല്‍.എമാരായ എം.ടി.ബി നാഗരാജ്, കെ. സുധാകര്‍ എന്നിവരാണ് ഇന്ന് രാജി നല്‍കിയത്.

കര്‍ണാടക: രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടി രാജി വെച്ചു

കര്‍ണാടകയിലെ സഖ്യസര്‍ക്കാറിന്‍റെ നിലനില്‍പ് കൂടുതല്‍ അപകടത്തിലാക്കി രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടി രാജിവെച്ചു. കൂടുതല്‍ എം.എല്‍.എമാര്‍ രാജി വെക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഒരു എം.എല്‍.എയുടേയും രാജി സ്വീകരിച്ചിട്ടില്ലെന്ന് സ്പീക്കര്‍ രമേഷ് കുമാര്‍ അറിയിച്ചു. അതിനിടെ ഗവര്‍ണറെ കണ്ട യെദ്യൂരപ്പ സര്‍ക്കാറിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ടു.

കോണ്‍ഗ്രസ് എം.എല്‍.എമാരായ എം.ടി.ബി നാഗരാജ്, കെ. സുധാകര്‍ എന്നിവരാണ് ഇന്ന് രാജി നല്‍കിയത്. യദ്യൂരിയപ്പയും സംഘവും സ്പീക്കറെ കണ്ട് മടങ്ങിയതിനു പിന്നാലെയാണ് ഇരുവരും രാജി സമര്‍പ്പിച്ചത്. എന്നാല്‍, രാജി സ്വീകരിച്ചിട്ടില്ലെന്നും 17ന് സമയം നല്‍കിയിട്ടുണ്ടെന്നും സ്പീക്കര്‍ രമേഷ് കുമാര്‍ അറിയിച്ചു.

ബി.ജെ.പിയോട് അടുത്ത ബന്ധമുണ്ടെന്ന് സൂചനയുള്ള അഞ്ജലി നിബാല്‍ക്കര്‍, ജെ. എന്‍ ഗണേഷ്, നാഗേന്ദ്ര തുടങ്ങിയവരെല്ലാം അടുത്ത ദിവസങ്ങളില്‍ രാജിവെച്ചേക്കുമെന്ന സൂചനയുമുണ്ട്. ഒരു ഭാഗത്ത് അനുനയത്തിനുള്ള അവസാന ശ്രമങ്ങള്‍ നടക്കുമ്പോഴാണ് മറുവശത്ത് എം.എല്‍.എമാരുടെ രാജിയുണ്ടാകുന്നത്.

ബി.ജെ.പിയാണെങ്കില്‍ സര്‍ക്കാര്‍ രൂപീകരിയ്ക്കാനുള്ള നടപടികളുമായി മുന്നോട്ടു തന്നെയാണ്. ഇന്ന് യദ്യൂരിയപ്പയുടെ നേതൃത്വത്തില്‍ ഗവര്‍ണറെ കണ്ട ബി.ജെ.പി സംഘം മന്ത്രിസഭ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കി. അതിനു ശേഷം സ്പീക്കറെ കണ്ട് എംഎല്‍എമാരുടെ രാജി സ്വീകരിയ്ക്കണമെന്നും ആവശ്യപ്പെട്ടു. സഖ്യസര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തിയില്ലാതെയാണ് എം.എല്‍.എമാര്‍ രാജിവെച്ചതെന്നും യദ്യൂരിയപ്പ പറഞ്ഞു.

കുമാരസ്വാമി സര്‍ക്കാര്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്ന് വിധാന്‍ സൌദയ്ക്കു പുറത്ത് പ്രതിഷേധം നടത്തി. ബി.ജെ.പി നേതാക്കള്‍ ഗവര്‍ണറെ കണ്ടതിനു ശേഷം, കോണ്‍ഗ്രസ് -ജെ.ഡി.എസ് നേതാക്കളുടെ നേതൃത്വത്തില്‍ രാജ്ഭവനു സമീപത്തായി റോഡുപരോധിച്ചു. ഗവര്‍ണറുടെ ഓഫിസ്, ബി.ജെ.പിയുടെ പാര്‍ട്ടി ഓഫിസായി മാറിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.