LiveTV

Live

National

കോണ്‍ഗ്രസ് അധ്യക്ഷ പദം; പ്രവര്‍ത്തക സമിതി അംഗങ്ങളോട് അഭിപ്രായം തേടി മുതിര്‍ന്ന നേതാക്കള്‍

അതേസമയം ലോക്സഭ തെരഞ്ഞെടുപ്പ് പരാജയം പഠിക്കാന്‍ രാഹുല്‍ ഗാന്ധി ഇന്ന് അമേഠി സന്ദര്‍ശിക്കും

 കോണ്‍ഗ്രസ് അധ്യക്ഷ പദം; പ്രവര്‍ത്തക സമിതി അംഗങ്ങളോട് അഭിപ്രായം തേടി മുതിര്‍ന്ന നേതാക്കള്‍

കോണ്‍ഗ്രസ് അധ്യക്ഷ പദം സംബന്ധിച്ച ചര്‍ച്ചകളില്‍ പ്രവര്‍ത്തക സമിതി അംഗങ്ങളോട് അഭിപ്രായം തേടി മുതിര്‍ന്ന നേതാക്കള്‍. പ്രവര്‍ത്തക സമിതി വിളിക്കാത്തതിലും അഭിപ്രായം തേടാത്തതിലും മുതിര്‍ന്ന നേതാക്കളില്‍ ഒരു വിഭാഗം അതൃപ്തി രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് നീക്കം. അതേസമയം ലോക്സഭ തെരഞ്ഞെടുപ്പ് പരാജയം പഠിക്കാന്‍ രാഹുല്‍ ഗാന്ധി ഇന്ന് അമേഠി സന്ദര്‍ശിക്കും.

കോണ്‍ഗ്രസ് അധ്യക്ഷ പദ ചര്‍ച്ചകള്‍ നീണ്ടുപോകുന്നതില്‍ പ്രതിഷേധം ശക്തമാണ്. മുതിര്‍ന്ന നേതാക്കളില്‍ ഒരു വിഭാഗം കത്ത് മുഖേനയും തുറന്ന പ്രതികരണമായും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പ്രവര്‍ത്തക സമിതി അംഗങ്ങളുടെ അഭിപ്രായം തേടി ഭരണഘടന പ്രകാരം അധ്യക്ഷനെ ഉടനെ തെരഞ്ഞെടുക്കണമെന്നാണ് ആവശ്യം. ഈ സാഹചര്യത്തിലാണ് അഹമ്മദ് പട്ടേലിന്റെ നേതൃത്വത്തില്‍ തുടരുന്ന ചര്‍ച്ചകള്‍ക്കിടെ പ്രവര്‍ത്തക സമിതി അംഗങ്ങളുടെ അഭിപ്രായം തേടുന്നത്. അഭിപ്രായങ്ങള്‍ വിലയിരുത്തി പൊതു സമ്മതനായ നേതാവിനെ കണ്ടെത്തി പ്രവര്‍ത്തക സമിതി വിളിച്ച് അവതരിപ്പിക്കാനാണ് നീക്കം. അധ്യക്ഷന്‍ വര്‍ക്കിങ് പ്രസിഡന്റുമാര്‍ എന്ന രീതിയും ആലോചനയിലുണ്ട്. സുശീല്‍ കുമാര്‍ ഷിന്‍ഡെ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സച്ചിന്‍ പൈലറ്റ്, ജോതിരാദിത്യ സിന്ധ്യ എന്നിവരാണ് പരിഗണയില്‍.

ഇതിനിടെയാണ് കുടുംബ മണ്ഡലം ഉപേക്ഷിക്കില്ലെന്ന സൂചന നല്‍കി രാഹുല്‍ ഗാന്ധി അമേഠിയില്‍ പരാജയം പഠിക്കാനെത്തുന്നത്. തോല്‍വി പഠിക്കാന്‍ ചുമതലപ്പെടുത്തിയ യു.പി നേതാക്കളായ കെ എല്‍ ശര്‍മ്മയും സുബൈര്‍ഖാനും സമര്‍പ്പിച്ച റിപ്പോര്‍ട്ടിലൂന്നിയാകും ചര്‍ച്ച. എസ്.പി- ബി.എസ്.പി നിസ്സഹകരണമാണ് തോല്‍വിക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഗൌരിഗഞ്ച് നിര്‍മ്മല ഇന്‍സ്റ്റിട്ട്യൂട്ടില്‍ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തുന്ന രാഹുല്‍ മുന്‍ ബ്ലോക്ക് പ്രസഡന്റ് ദ്വിന്‍ദ പ്രസാദ് ദ്വിവേദിയുടെ കുടുംബത്തെയും സന്ദര്‍ശിക്കും.