LiveTV

Live

National

ബജറ്റിന് ശേഷം ഇന്ത്യയുടെ വരുമാന അക്കൗണ്ടില്‍ 1.7 ലക്ഷം കോടി രൂപ കാണാനില്ല!

ബജറ്റിന് ശേഷം  ഇന്ത്യയുടെ വരുമാന അക്കൗണ്ടില്‍ 1.7 ലക്ഷം കോടി രൂപ കാണാനില്ല!

രണ്ടാം മോദി സര്‍ക്കാര്‍ ആദ്യ ബജറ്റ് അവതരിപ്പിച്ച് കഴിഞ്ഞപ്പോള്‍ ഇന്ത്യയുടെ വരുമാന അക്കൌണ്ടില്‍ 1.7 ലക്ഷം കോടി രൂപ കാണാനില്ല. സാമ്പത്തിക സര്‍വ്വേയിലെ വരുമാന കണക്കുമായാണ് ഈ ഭീമമായ പൊരുത്തക്കേട്. വിഷയത്തില്‍ സാമ്പത്തിക വിദഗ്ധരും എം.പിമാരും കണക്കുകള്‍ നിരത്തി ചോദ്യം ഉന്നയിച്ചെങ്കിലും സര്‍ക്കാര്‍ മൌനം തുടരുകയാണ്.

സര്‍ക്കാര്‍ ഓരോ സാമ്പത്തിക വര്‍ഷവും പ്രതീക്ഷിക്കുന്ന വരുമാനം പുതുക്കിയ എസ്റ്റിമേറ്റ് എന്ന പേരില്‍ എല്ലാ ബജറ്റിലും കാണിക്കാറുണ്ട്. നിര്‍‌മലാ സീതാരാമന്‍ കഴിഞ്ഞ ദിവസം അവരിപ്പിച്ച ബജറ്റില്‍ 2018-19 വര്‍ഷത്തെതായി കാണിച്ച ഈ വരുമാനം 17.3 ലക്ഷം കോടി രൂപയാണ്. എന്നാല്‍ ബജറ്റിന് തലേ ദിവസം സര്‍ക്കാര്‍ തന്നെ പാര്‍ലമെന്‍റില്‍ വെച്ച സാമ്പത്തിക സര്‍വ്വേയില്‍ ഈ തുക 15.6 ലക്ഷം കോടി. അതായത് 1.7 ലക്ഷം കോടി രൂപയുടെ വ്യത്യാസം. സാമ്പത്തിക സര്‍വ്വേയിലെ കണക്കിനാണ് കൂടുതല്‍ കൃത്യതയുള്ളത് എന്നിരിക്കെയാണ് ഇത്രയും വലിയ തുകയുടെ പൊരുത്തക്കേട് കാണുന്നത്. ഈ ചോദ്യത്തിന് കേന്ദ്രം ഇതുവരെ ഉത്തരം നല്‍കിയിട്ടില്ല.

ചെലവ് കണക്കിലും ഈ പൊരുത്തക്കേട് പ്രകടമാണ്. 2018-19 വര്‍ഷത്തേക്ക് 24.6 ലക്ഷം കോടിയാണ് ബജറ്റില്‍ കാണിച്ച ചെലവ്. എന്നാല്‍ സാമ്പത്തിക സര്‍വ്വേയിലെ ചെലവ് 23.1 ലക്ഷം കോടി. ആകെ വരുന്ന വ്യത്യാസം 1.5 ലക്ഷം കോടി രൂപ. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷക സമിതി അംഗമായ റതിന്‍ റോയി ബിസിനസ് സ്റ്റാന്റേര്‍ഡ് എന്ന പത്രത്തിലെഴുതിയ ലേഖനത്തിലാണ് അന്തരങ്ങള്‍ ആദ്യം ചൂണ്ടിക്കാട്ടിയത്. നികുതി വരുമാനത്തിലുണ്ടായ കുറവാകാം കാരണമെന്നാണ് സാമ്പത്തിക വിദഗ്തരുടെ നിഗമനം. സാമ്പത്തിക സര്‍വ്വേയാണ് ശരിയെങ്കില്‍ സര്‍ക്കാരിന് ബജറ്റ് തിരുത്തേണ്ടിവരും.