LiveTV

Live

National

നിസ്സാര കാരണങ്ങള്‍ പറഞ്ഞ് 91 കുട്ടികള്‍ക്ക് സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവേശനം നിഷേധിച്ചു; കേജ്‍രിവാളിന് മാതാപിതാക്കളുടെ കത്ത്

മൂന്ന് വയസിനും 18 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് പ്രവേശനം നിഷേധിച്ചത്.

 നിസ്സാര കാരണങ്ങള്‍ പറഞ്ഞ് 91 കുട്ടികള്‍ക്ക് സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവേശനം നിഷേധിച്ചു; കേജ്‍രിവാളിന് മാതാപിതാക്കളുടെ കത്ത്

ഡല്‍ഹിയില്‍ നിസ്സാര കാരണങ്ങള്‍ പറഞ്ഞ് 91 കുട്ടികള്‍ക്ക് വിവിധ സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവേശനം നിഷേധിച്ചതായി പരാതി. മൂന്ന് വയസിനും 18 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് പ്രവേശനം നിഷേധിച്ചത്. ശരിയായ മേല്‍വിലാസമില്ല, ആധാര്‍ നമ്പറില്ല, പ്രായക്കൂടുതല്‍, വയസിന് താഴയൊണ്, ശാരീരിക ക്ഷമതയില്ല തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്കൂള്‍ അധികൃതര്‍ പ്രവേശനം നല്‍കാത്തത്. സംഭവത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന് കത്തെഴുതി.

ശാരീരിക വൈകല്യമുള്ള തന്റെ പത്ത് വയസുകാരനായ മകന് സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍ ഇല്ല എന്ന കാരണം പറഞ്ഞാണ് സര്‍ക്കാര്‍ ബോയ്സ് സ്കൂളില്‍ പ്രവേശനം നിഷേധിച്ചതെന്ന് തയ്യല്‍ക്കാരനായ ഹരേഷ് കുമാര്‍ പറഞ്ഞു. മറ്റൊരു സ്കൂള്‍ നോക്കാനാണ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ ഈ സ്കൂള്‍ വീടിന് സമീപത്തായതു കൊണ്ടും മകന്റെ കാലിന് അസുഖമായതിനാലുമാണ് ബോയ്സ് സ്കൂളില്‍ അഡ്മിഷന്‍ തേടിയതെന്ന് ഹരേഷ് പറയുന്നു.

ലാബ് ജീവനക്കാരനായ കമലേഷിന്റെ പതിനേഴുകാരിയായ മകള്‍ക്കും കര്‍വാളിലുള്ള ഗേള്‍സ് സ്കൂളില്‍ പ്രവേശനം ലഭിച്ചില്ല. മേല്‍വിലാസമില്ല എന്നതിനാലാണ് 51 കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ചത്. സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും കുട്ടികള്‍ക്ക് അനുയോജ്യമായ ക്ലാസുകളില്‍ അഡ്മിഷന്‍ ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ട് കത്തയച്ചതായി ഓള്‍ ഇന്ത്യ പേരന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് അശോക് അഗര്‍വാള്‍ പറഞ്ഞു. ഈയാഴ്ച തന്നെ ഡല്‍ഹി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരാതികള്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിലേക്ക് അയച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചിട്ടുണ്ട്.

എല്ലാ പരാതികളും വിശദമായി പരിശോധിച്ചെന്നും ഡല്‍ഹിയില്‍ താമസിക്കുന്ന എല്ലാ കുട്ടികള്‍ക്കും അഡ്മിഷന്‍ ഉറപ്പ് വരുത്തുമെന്നും വിദ്യാഭ്യാസ ഡയറക്ടര്‍ ബിനയ് ഭൂഷന്‍ പറഞ്ഞു.