LiveTV

Live

National

രാഷ്ട്രനിര്‍മാണത്തില്‍ ആര്‍.എസ്.എസിന്റെ പങ്ക് സിലബസില്‍; സര്‍വകലാശാലക്കെതിരെ പ്രതിഷേധം

രണ്ടാം വര്‍ഷ ചരിത്ര ബിരുദ വിദ്യാര്‍ഥികളുടെ സിലബസിലാണ് രാഷ്ട്രനിര്‍മാണത്തില്‍ ആര്‍.എസ്.എസിന്റെ പങ്ക് എന്ന പാഠഭാഗം ഉള്‍പ്പെടുത്തിയത്.

രാഷ്ട്രനിര്‍മാണത്തില്‍ ആര്‍.എസ്.എസിന്റെ പങ്ക് സിലബസില്‍; സര്‍വകലാശാലക്കെതിരെ പ്രതിഷേധം

ആര്‍.എസ്.എസിന്റെ ചരിത്രം സിലബസില്‍ ഉള്‍പ്പെടുത്തി നാഗ്പുര്‍ സര്‍വകലാശാല. രണ്ടാം വര്‍ഷ ചരിത്ര ബിരുദ വിദ്യാര്‍ഥികളുടെ സിലബസിലാണ് രാഷ്ട്രനിര്‍മാണത്തില്‍ ആര്‍.എസ്.എസിന്റെ പങ്ക് എന്ന പാഠഭാഗം ഉള്‍പ്പെടുത്തിയത്.

ഇന്ത്യയുടെ ചരിത്രം 1885 മുതല്‍ 1947 വരെ എന്ന പാഠഭാഗത്താണ് ആര്‍.എസ്.എസിന്റെ ചരിത്രവും പഠിക്കാനുള്ളത്. കോണ്‍ഗ്രസിന്റെ രൂപീകരണവും മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന നിസഹകരണ സമരവുമെല്ലാം ഈ പാഠഭാഗത്തുണ്ട്. ചരിത്രത്തെ കുറിച്ച് പുതിയ അറിവുകള്‍ വിദ്യാര്‍ഥികള്‍ക്കുണ്ടാവാനാണ് പാഠഭാഗം ഉള്‍പ്പെടുത്തിയതെന്നാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം സതിഷ് ചഫ്ലെയുടെ വിശദീകരണം.

ആര്‍.എസ്.എസ് ചരിത്രം സിലബസില്‍ ഉള്‍പ്പെടുത്തിയതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി. രാഷ്ട്രനിര്‍മാണത്തില്‍ ആര്‍.എസ്.എസിന് പങ്കുണ്ടെന്ന് നാഗ്പൂര്‍ സര്‍വകലാശാലയ്ക്ക് എവിടെനിന്നാണ് വിവരം ലഭിച്ചതെന്നും സ്വാതന്ത്ര്യസമരത്തെ പോലും എതിര്‍ത്ത് ബ്രിട്ടീഷുകാര്‍ക്കൊപ്പം ചേര്‍ന്ന സംഘടനയാണ് ആര്‍.എസ്.എസ് എന്നും മഹാരാഷ്ട്ര കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് പ്രതികരിച്ചു. വിദ്യാഭ്യാസ മേഖലയില്‍ ആര്‍.എസ്.എസ് അജണ്ട നടപ്പാക്കുകയാണ്. മൂന്ന് തവണ എന്തുകൊണ്ട് ആര്‍.എസ്.എസിനെ നിരോധിച്ചു എന്നുകൂടി യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളോട് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരണത്തെ കുറിച്ച് വാജ്പേയി ഭരണകാലം മുതല്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ആര്‍.എസ്.എസിന് ഒരു ആമുഖം എന്ന ഭാഗം 2003-04 കാലത്ത് ബിരുദാനന്തര ബിരുദ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു.