LiveTV

Live

National

അനധികൃത കുടിയേറ്റക്കാര്‍ക്ക് അഭയാര്‍ഥി പദവി നല്‍കുന്നത്  പരിശോധിക്കും: സുപ്രീംകോടതി  

റോഹിങ്ക്യ കേസിലാണ് ഇത്തരമൊരു നിര്‍ണ്ണായക പരിശോധനക്ക് കോടതി തീരുമാനമെടുത്തത്.

അനധികൃത കുടിയേറ്റക്കാര്‍ക്ക് അഭയാര്‍ഥി പദവി നല്‍കുന്നത്  പരിശോധിക്കും: സുപ്രീംകോടതി  

നിയമ വിരുദ്ധ കുടിയേറ്റക്കാർക്ക് അഭയാർഥി പദവി നല്‍കാൻ ആകുമോയെന്ന് സുപ്രീംകോടതി പരിശോധിക്കും. റോഹിങ്ക്യ കേസിലാണ് ഇത്തരമൊരു നിര്‍ണ്ണായക പരിശോധനക്ക് കോടതി തീരുമാനമെടുത്തത്. റോഹിങ്ക്യകള്‍ക്ക് അഭയാർഥി പദവി അനുവദിക്കുന്നതിനെ കേന്ദ്ര സർക്കാർ നിരന്തരം എതിർക്കുന്ന സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റെ നീക്കം.

നിയമ വിരുദ്ധ കുടിയേറ്റക്കാര്‍ക്ക് അഭയാര്‍ഥി പദവി നല്‍കാനാകുമോ എന്ന ചോദ്യമാണ് റോഹിങ്ക്യ കേസില്‍ മര്‍മ്മ പ്രധാനമെന്ന് കേന്ദ്ര സര്‍ക്കാരിനായി ഹാജരായ സോളിസിറ്ററല്‍ തുഷാര്‍ മെഹ്ത്ത പറഞ്ഞു. ഇക്കാര്യം കോടതി തന്നെ തീരുമാനിക്കണം. കേസിന്‍റെ മറ്റെല്ലാ വശങ്ങള്‍ നിസാരമാണെന്നും തുഷാര്‍ മേത്ത പറഞ്ഞു. എന്നാല്‍ ഇത്തരം വിഷയങ്ങള്‍ പരിശോധിക്കാന്‍ എല്ലാ രാജ്യത്തും സര്‍ക്കാര്‍ തല വകുപ്പുകളുണ്ട്. ഇന്ത്യയില്‍ അതില്ല. മാത്രമല്ല രാജ്യത്തുള്ള 70 ശതമാനം റോഹിങ്ക്യകള്‍ക്കും ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥി കാര്‍ഡുണ്ടെന്നും ഹര്‍ജിക്കാരും വാദിച്ചു. രണ്ടും കേട്ട ശേഷമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വിഷയം വിശദമായി പരിശോധിക്കാന്‍ തീരുമാനിച്ചത്.

കേസില്‍ അടുത്ത മാസമാണ് അന്തിമ വാദം നിശ്ചയിച്ചിരിക്കുന്നത്. ഈ സമയം നിയമ വിരുദ്ധ കുടിയേറ്റക്കാർക്ക് അഭയാർഥി പദവി നല്‍കാൻ ആകുമോയെന്ന കാര്യത്തില്‍ വിശദ വാദം കേള്‍ക്കുമെന്ന് കോടതി പറഞ്ഞു. നിയമ വശങ്ങള്‍ ആ സമയം പറയാന്‍ കേന്ദ്ര സര്‍ക്കാരിനും മറ്റു കക്ഷികള്‍ക്കും കോടതി നിര്‍ദേശം നല്‍കി.