LiveTV

Live

National

മുന്നാക്ക സാമ്പത്തിക സംവരണത്തിനെ ശക്തമായി  എതിര്‍ത്ത് തമിഴ് പാര്‍ട്ടികള്‍ 

മുന്നാക്ക സാമ്പത്തിക സംവരണത്തിനെ ശക്തമായി  എതിര്‍ത്ത് തമിഴ് പാര്‍ട്ടികള്‍ 

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക്‌ 10 ശതമാനം സംവരണം നല്‍കണമെന്ന മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ ആവശ്യത്തെ ശക്തമായി എതിര്‍ത്ത് പ്രമുഖ തമിഴ് പാര്‍ട്ടികള്‍. മുന്നാക്ക സംവരണം നടപ്പാക്കുന്നതിനു വേണ്ടി മെഡിക്കൽ സീറ്റുകളിൽ 25 ശതമാനം വർധന നടപ്പാക്കാനുള്ള മെഡിക്കൽ കൗൺസിലിന്റെ നീക്കം തള്ളിക്കളയണമെന്നും അവർ ആവശ്യപ്പെട്ടു.

മെഡിക്കൽ കൗൺസിലിന്റെ നിർദേശം നടപ്പാക്കുന്നതു സംബന്ധിച്ച് ചർച്ച ചെയ്യാൻ സംസ്ഥാന സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത 21 പാര്‍ട്ടികളുടെ യോഗത്തില്‍ 16 പാര്‍ട്ടികളും ശക്തമായ എതിർപ്പുന്നയിച്ചു. ഡി.എം.കെ, സി.പി.ഐ, വി.സി.കെ, പി.എം.കെ, എം.ഡി.എം.കെ, മക്കള്‍ നീതി മയ്യം എന്നീ പാര്‍ട്ടികളടങ്ങിയ 16 പാര്‍ട്ടികളാണ് ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നത്. ബി.ജെ.പി, കോണ്‍ഗ്രസ്, സി.പി.എം, പുതിയ തമിഴകം എന്നീ പാര്‍ട്ടികള്‍ 10 ശതമാനം സാമ്പത്തിക സംവരണം എന്ന ആവശ്യത്തെ അനുകൂലിച്ചു. പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കും, എസ്.സി / എസ്.ടി വിഭാഗക്കാര്‍ക്കുമുള്ള 69 ശതമാനം സംവരണം സംരക്ഷിക്കുകയാണ് വേണ്ടതെന്നും യോഗത്തില്‍ പങ്കെടുത്ത പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.

നിലവിൽ 25 മെഡിക്കൽ കോളേജുകളിലായി 3,500 സീറ്റുകളാണ് തമിഴ്‌നാട്ടിലുള്ളത്. ഇതിൽ ആൾ ഇന്ത്യ അഡ്മിഷനു വേണ്ടി മാറ്റിവെച്ച 525 ഒഴികെയുള്ള 2,975 സീറ്റുകളിലും 69 ശതമാനം സംവരണം നടപ്പിലാക്കുന്നുണ്ട്. പിന്നാക്ക വിഭാഗങ്ങൾ, അതീവ പിന്നാക്ക വിഭാഗങ്ങൾ, പട്ടിക ജാതി, പട്ടികവർഗം വിഭാഗങ്ങളാണ് നിലവിൽ സംവരണ വിഭാഗത്തിലുള്ളത്. മുന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണം നടപ്പാക്കുന്നതിനായി 1,000 അധിക സീറ്റുകൾ കൂടി നൽകാമെന്നാണ് മെഡിക്കൽ കൗൺസിൽ അറിയിച്ചിട്ടുള്ളത്. ഇതിൽ 850 സീറ്റുകൾ മുന്നാക്ക സംവരണത്തിലേക്കു പോകും.

എന്നാൽ, അധിമായി ലഭിക്കുന്ന സീറ്റുകൾ മുന്നാക്ക ജാതിക്കാരെ മാത്രമേ സഹായിക്കുകയുള്ളൂവെന്ന് ഡി.എം.കെ പ്രസിഡണ്ട് എം.കെ സ്റ്റാലിൻ വാദിച്ചു. കബളിപ്പിക്കുന്ന വാഗ്ദാനങ്ങളിൽപ്പെട്ട് നിലവിലെ സംവരണ സംവിധാനത്തെ ബലികൊടുക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ തമിഴ്‌നാട്ടിൽ വളരെ കുറവാണെന്നും അതിനാൽ മെഡിക്കൽ കൗൺസിൽ നിർദേശം സംസ്ഥാനത്ത് പ്രസക്തമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുന്നാക്കക്കാരിലെ പിന്നാക്കക്കാരുടെ ഉന്നമനത്തിനു വേണ്ടിയുള്ള മറ്റു പദ്ധതികളെയെല്ലാം അനുകൂലിക്കുന്നുവെന്നും എന്നാൽ ഈ സംവരണത്തോട് യോജിക്കുന്നില്ലെന്നും എം.ഡി.എം.കെ വ്യക്തമാക്കി. നിലവിലെ സംവിധാനത്തെയും സംസ്ഥാനത്തെ ജനങ്ങളിലെ ഭൂരിപക്ഷത്തെയും അത് ബാധിക്കുമെന്നും പാർട്ടി പറഞ്ഞു.

അതേസമയം, നിയമവിദഗ്ധരുമായി കൂടിയാലോചിച്ച്, ഈ വിഷയത്തിൽ അനുകൂല നടപടിയെടുക്കുമെന്ന് ഉപമുഖ്യമന്ത്രി പനീർ ശെൽവം വ്യക്തമാക്കി.