LiveTV

Live

National

കര്‍ണാടക വിഷയത്തില്‍ പ്രതിപക്ഷ ബഹളം; സഭ രണ്ട് മണി വരെ പിരിഞ്ഞു

ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി 

കര്‍ണാടക വിഷയത്തില്‍ പ്രതിപക്ഷ ബഹളം; സഭ രണ്ട് മണി വരെ പിരിഞ്ഞു

കര്‍ണാടക വിഷയത്തില്‍ പാര്‍ലമെന്റിലെ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം. രണ്ട് തവണ തടസ്സപ്പെട്ട രാജ്യസഭ രണ്ട് മണി വരെ നിര്‍ത്തിവെച്ചു. ലോക്സഭയില്‍ നിന്ന് കോണ്‍ഗ്രസ് എംപിമാര്‍ ഇറങ്ങിപ്പോയി. കോണ്‍ഗ്രസ് നല്‍കിയ അടിയന്തര പ്രമേയം സഭ നടപടികള്‍ പൂര്‍ണമായും നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

സഭ നടപടികള്‍ പൂര്‍ണമായും നിര്‍ത്തിവെച്ച് കര്‍ണാടക വിഷയത്തില്‍ കോണ്‍ഗ്രസ് നല്‍കിയ അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷം ബഹളത്തെത്തുടര്‍ന്ന് രാജ്യസഭ തുടര്‍ച്ചയായി തടസ്സപ്പെട്ടു. കോണ്‍ഗ്രസ് എം.പി ബി.കെ ഹരിപ്രസാദാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. 11 മണിക്ക് രാജ്യസഭ നടപടികള്‍ ആരംഭിച്ചെങ്കിലും അടിയന്തര പ്രമേയം ശൂന്യ വേളയില്‍ പരിഗണിക്കാമെന്ന് രാജ്യസഭ അധ്യക്ഷന്‍ നിലപാടെടുത്തു. ഇതോടെ പ്രതിപക്ഷം ബഹളം വെച്ചു. ‌അഞ്ച് മിനുട്ടിന് ശേഷം സഭ നടപടികള്‍‌ നിര്‍ത്തിവെച്ചു.

12 മണിക്ക് പുനരാരംഭിച്ചെങ്കിലും പ്രതിപക്ഷം നടത്തുളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ വീണ്ടും സഭ നടപടികള്‍ തടസ്സപ്പെട്ടു. രണ്ട് മണി വരേക്ക് സഭ വീണ്ടും നിര്‍ത്തിവെച്ചു. അധിര്‍ രജ്ഞന്‍ ചൌദരി, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് ലോക്സഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വിഷയം നേരത്തെയും സഭ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് ബി.ജെ.പി നിലപാടെടുത്തു. പ്രതിഷേധിച്ച കോണ്‍ഗ്രസ് എം.പിമാര്‍ ലോക്സഭ സ്പീക്കറുടെ ചേമ്പറിനടുത്തെത്തി മുദ്രാവാക്യം വിളിച്ചു. ബി.ജെ.പി കുതിരക്കച്ചവടം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ശേഷം കോണ്‍ഗ്രസ് എം.പിമാര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.