LiveTV

Live

National

പശുവിനെ ട്രെയിന്‍ തട്ടി; ലോക്കോ പൈലറ്റിന് ഗോരക്ഷകരുടെ ക്രൂര മര്‍ദ്ദനം

പശുവിനെ ട്രെയിന്‍ തട്ടി; ലോക്കോ പൈലറ്റിന് ഗോരക്ഷകരുടെ ക്രൂര മര്‍ദ്ദനം

ട്രെയിന്‍ പാളത്തില്‍ നിന്ന പശുവിന് മേല്‍ ട്രെയിന്‍ പാഞ്ഞുകയറിയ സംഭവത്തില്‍ ലോക്കോ പൈലറ്റിനെ ക്രൂര മര്‍ദ്ദനത്തിരയാക്കി ഗോ രക്ഷകര്‍. ഗ്വാളിയോര്‍-അഹമദാബാദ് സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിന്റെ ലോക്കോ പൈലറ്റിനാണ് മൂന്ന് വ്യത്യസ്ത സ്റ്റേഷനുകളില്‍ വെച്ച് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്.

ശനിയാഴ്ച്ച രാവിലെ 11.17നാണ് പടന്‍ ജില്ലയിലെ സിദ്ദ്പൂര്‍ ജംക്ഷനില്‍ നിന്നും പാളത്തിലേക്ക് പൊടുന്നനെ പശു പാഞ്ഞു കയറുന്നത്. സ്റ്റേഷന്‍ മാസ്റ്റര്‍ ചുവപ്പ് സിഗ്നല്‍ കാണിച്ച് ലോക്കോ പൈലറ്റിന് അപായ ചിഹ്നം കാണിച്ചെങ്കിലും ട്രെയിന്‍ പെട്ടെന്ന് ബ്രേക്ക് നിര്‍ത്താന്‍ സാധിക്കാതെ പശുവിന് മേല്‍‍ ഇടിക്കുകയായിരുന്നെന്ന് മെഹ്സാന റെയില്‍വെ പൊലീസിലെ എഫ്.ഐ.ആര്‍ വ്യക്തമാക്കുന്നു. ലോക്കോ പൈലറ്റായ ജി.എ ഝാല ഉടന്‍ തന്നെ അടുത്തുള്ള റെയില്‍വേ സ്റ്റാഫിനെ ബന്ധപ്പെടുകയും എന്‍ജിനില്‍ നിന്നും മൃതദേഹം മാറ്റുകയും ചെയ്തു. ഇതെ സമയം തന്നെ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന 30 വയസ്സ് പ്രായം വരുന്ന വ്യക്തി ഝാലയുടെ അടുത്തേക്ക് വരികയും പശുവിനെ കൊലപ്പെടുത്തിയതിന് രൂക്ഷമായി കുറ്റപ്പെടുത്തുകയും ചെയ്തു. ‘നിങ്ങള്‍ക്കെന്താ കണ്ണ് കണ്ടൂടെ....പശു ട്രാക്കില്‍ നില്‍ക്കുന്നത് അറിയില്ലേ’; എന്ന് ചോദിച്ച് ദേഷ്യപ്പെട്ട ഗോരക്ഷക് എന്ന് സ്വയം പരിചയപ്പെടുത്തിയ ഇദ്ദേഹം ഉടനെ ലോക്കോ പൈലറ്റിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അല്‍പ്പസമയത്തിന് ശേഷം 150ഓളം വരുന്ന ഗോരക്ഷക് പ്രവര്‍ത്തകര്‍ കൂടി സ്ഥലത്തേക്ക് വരികയും പ്രശ്നം രൂക്ഷമാകുകയും ചെയ്തെന്ന് പൊലീസ് എഫ്.ഐ.ആര്‍ വ്യക്തമാക്കുന്നു.

സംഭവം വീണ്ടും റെയില്‍വേ പൊലീസില്‍ വാക്കി ടോക്കി വഴി അറിയിച്ച ഝാലയോട് പശുവിന്റെ മൃതദേഹം എല്ലാവിധ ബഹുമാനത്തോടും കൂടി സ്ഥലത്ത് നിന്നും മാറ്റണമെന്നും ആവശ്യപ്പെട്ടു. 1500 ട്രെയിന്‍ യാത്രക്കാര്‍ ഈ സമയം ഏറെ അപകടം നിറഞ്ഞ സരസ്വതി നദിക്ക് മുകളിലുള്ള പാലത്തിലായിരുന്നെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു. ഝാലയെ ആദ്യം ആക്രമിച്ച വ്യക്തി തന്നെ പിന്നീട് കാംലി, ഉജ്ജ ജംക്ഷനുകളില്‍ വെച്ചും മര്‍ദ്ദിച്ചെന്നും പരാതിയില്‍ പറയുന്നു. മെഹ്സാന സ്റ്റോപില്‍ ഇറങ്ങിയ ഝാല പിന്നീട് പൊലീസ് സഹായം തേടുകയായിരുന്നു. ഇവിടെ വെച്ചും ഇതെ വ്യക്തി ഝാലയെ വീണ്ടും പൊലീസിന് മുന്നില്‍ വെച്ച് മര്‍ദ്ദിച്ച സന്ദര്‍ഭത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിപിന്‍ സിംഗ് രജ്പുത് എന്ന 28 വയസ്സുക്കാരനാണ് ലോക്കോ പൊലറ്റിനെ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. ഇയാള്‍ക്കെതിരെ ഐ.പി.സി സെക്ഷന്‍ 332, 323, 504, 506 പ്രകാരം കേസെടുത്തതായി പൊലീസ് പറഞ്ഞു.