LiveTV

Live

National

കര്‍ണാടക പ്രതിസന്ധി; ഡി.കെ ശിവകുമാര്‍ നടത്തിയ ശ്രമങ്ങളും വിജയം കണ്ടില്ല

വിമത എം.എല്‍.എമാരുമായി ചര്‍ച്ച നടത്താന്‍ മുംബൈയിലേക്ക് പോയ ഡി.കെ ശിവകുമാറിന് ആരേയും കാണാനായില്ല

കര്‍ണാടക പ്രതിസന്ധി; ഡി.കെ ശിവകുമാര്‍ നടത്തിയ ശ്രമങ്ങളും വിജയം കണ്ടില്ല

സഖ്യ സര്‍ക്കാറിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കെ പ്രശ്ന പരിഹാരത്തിന് ഡി.കെ ശിവകുമാര്‍ നടത്തിയ ശ്രമങ്ങളും വിജയം കണ്ടില്ല. വിമത എം.എല്‍.എമാരുമായി ചര്‍ച്ച നടത്താന്‍ മുംബൈയിലേക്ക് പോയ ഡി.കെ ശിവകുമാറിന് ആരെയും കാണാനായില്ല. എം.എല്‍.എമാരെ പൂനെയിലേക്കോ ഗോവയിലേക്കോ മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇതിനിടെ നിയമസഭയില്‍ ഭൂരിപക്ഷമുണ്ടെന്ന് അവകാശപ്പെട്ട് ബി.ജെ.പി നേതാക്കളും രംഗത്തെത്തി.

കര്‍ണാടകയില്‍ സഖ്യ സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള ബി.ജെ.പി ശ്രമങ്ങളെ കോണ്‍ഗ്രസ് നേരിട്ടത് ഡി.കെ ശിവകുമാറിനെ മുന്‍നിര്‍ത്തിയാണ്. അധികാരം ലഭിക്കാനായി ബി.ജെ.പി നടത്തിയ ഓപ്പറേഷന്‍ കമല പലതവണ ഡി.കെ ശിവകുമാര്‍ പ്രതിരോധിച്ചു. സ്വതന്ത്രരായ നാഗേഷിനും ആര്‍.ശങ്കറിനും മന്ത്രിപദവി നല്‍കി സര്‍ക്കാറിന് ആയുസ് വര്‍ധിപ്പിക്കാനും ഡി.കെ ശ്രമിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ രാജിവെച്ച 13 കോണ്‍ഗ്രസ് -ജെ.ഡി.എസ് എം.എല്‍.എമാരെ അനുനയിപ്പിക്കാന്‍ ശിവകുമാറിനും കഴിഞ്ഞില്ല. ഇന്നലെ വിമതരെ നേരില്‍ കണ്ട് അനുനയ ചര്‍ച്ച നടത്താന്‍ മുംബൈയിലെത്തിയെങ്കിലും ഇവരെ കാണാനായില്ല. തുടര്‍ന്ന് നേരെ ബംഗളൂരുവിലേക്ക്. ബി.ജെ.പി എം.എല്‍.എമാരെ വിലക്ക് വാങ്ങുകയാണെന്നും യെദ്യൂരപ്പയുടെ പി.എ ആണ് വിമത എം.എല്‍.എമാര്‍ക്ക് സൌകര്യം ഒരുക്കുന്നതെന്നും ശിവകുമാര്‍ കുറ്റപ്പെടുത്തി.

എന്നാല്‍ മുംബൈയില്‍ പോകാത്ത രാമലിംഗറെഡ്ഢി ഉള്‍പ്പടെയുളള വിമത എം.എല്‍.എമാരെ രാജി തീരുമാനത്തില്‍ നിന്ന് പിന്‍വലിപ്പിച്ച് സര്‍ക്കാറിനെ നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷ കോണ്‍ഗ്രസിനുണ്ട്. അതിനിടെ നിയമസഭയില്‍ 107 പേരുടെ പിന്തുണ ഉണ്ടെന്നും സര്‍ക്കാറുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുമെന്നാണ് പ്രതീക്ഷയെന്നും ബി.ജെ.പി നേതാവ് ശോഭാ കരന്ത്‍ലജെ പറഞ്ഞു. ജെ.ഡി.എസ് സഖ്യത്തിന് 103 പേരുടെ പിന്തുണ മാത്രമേയുള്ളൂവെന്നാണ് ബി.ജെ.പി പറയുന്നത്.