LiveTV

Live

National

ബാബരി മസ്ജിദ് കേസ്: മധ്യസ്ഥ ചർച്ച പൂർത്തിയാകുംമുമ്പേ വാദം കേൾക്കണമെന്ന് ഹർജിക്കാരൻ 

ജനങ്ങളുടെ ബോധത്തിലേക്കും ഹൃദയത്തിലേക്കുമാണ് നോക്കുന്നതെന്നും മുറിവുണക്കുംവിധമുള്ള മധ്യസ്ഥത ഉണ്ടാകാനാണ് ആഗ്രഹിക്കുന്നതെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു.  

ബാബരി മസ്ജിദ് കേസ്: മധ്യസ്ഥ ചർച്ച പൂർത്തിയാകുംമുമ്പേ വാദം കേൾക്കണമെന്ന് ഹർജിക്കാരൻ 

ന്യൂഡൽഹി: ബാബരി മസ്ജിദ് കേസിൽ മധ്യസ്ഥ ചർച്ചകൾ പൂർത്തിയാകുന്നതിനു മുമ്പുതന്നെ വാദം കേൾക്കണമെന്നാവശ്യപ്പെട്ട് അന്യായക്കാരൻ സുപ്രീം കോടതിയിൽ. കേസിൽ ആദ്യ ഹർജി സമർപ്പിച്ച ഗോപാൽ സിങ് വിശാരദ് ആണ് ചീഫ് ജസ്റ്റിസിനു മുമ്പാകെ ആവശ്യമുന്നയിച്ചത്. മുൻ സുപ്രീം കോടതി ജഡ്ജ് എഫ്.എം ഖലിഫുല്ല, ശ്രീശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീറാം പാഞ്ചു എന്നിവരടങ്ങുന്ന മധ്യസ്ഥ സംഘത്തിന്റെ പ്രവർത്തനങ്ങളിൽ പുരോഗതിയില്ലെന്നാരോപിച്ചാണ് വിശാരദ് മുതിർന്ന അഭിഭാഷകൻ പി.എസ് നരസിംഹ വഴി കോടതിയെ സമീപിച്ചത്.

മാർച്ച് എട്ടിനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ബാബരി കേസിൽ മധ്യസ്ഥതക്കായി മൂന്നംഗ സംഘത്തെ നിയമിച്ചത്. ബാബരി മസ്ജിദ് നിലനിന്നിരുന്ന യു.പിയിലെ ഫൈസാബാദിലാണ് മധ്യസ്ഥ നീക്കങ്ങൾ. എന്നാൽ, ആദ്യവട്ട ചർച്ചകൾ പിന്നിട്ടെങ്കിലും പുരോഗതിയൊന്നുമില്ലെന്ന് അന്യായക്കാരൻ കോടതിയിൽ ആരോപിച്ചു. ഹർജി ഫയൽ ചെയ്യാൻ കോടതി ഇദ്ദേഹത്തെ അനുവദിച്ചു.

മധ്യസ്ഥ സമിതിക്ക് ആദ്യം എട്ടാഴ്ച സമയം നൽകിയ സുപ്രീംകോടതി പിന്നീട് ഇത് ഓഗസ്റ്റ് 15 വരെ നീട്ടിനൽകിയിരുന്നു. മെയ് ഏഴിന് സമിതി ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. ബന്ധപ്പെട്ട കക്ഷികളുമായുള്ള ചർച്ചകൾ ക്യാമറയിൽ പകർത്തണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. ബാബരി മസ്ജിദ് - രാമജന്മഭൂമി കേസ് 1500 സ്‌ക്വയർഫീറ്റിലെ തർക്കഭൂമിയുടെ മാത്രം കേസല്ലെന്നും മതവികാരം അടങ്ങുന്നതാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. ജനങ്ങളുടെ ബോധത്തിലേക്കും ഹൃദയത്തിലേക്കുമാണ് നോക്കുന്നതെന്നും മുറിവുണക്കുംവിധമുള്ള മധ്യസ്ഥത ഉണ്ടാകാനാണ് ആഗ്രഹിക്കുന്നതെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു.