LiveTV

Live

National

ഓര്‍ഡര്‍ ചെയ്തത് പനീര്‍, നല്‍കിയത് ചിക്കന്‍ ‍; സൊമാറ്റോക്കും പൂനെ റസ്റ്റോറന്റിനും 55,000 പിഴ 

ഉപഭോക്തൃ കോടതിയാണ് പിഴയിട്ടത്. 45 ദിവസത്തിനകം പിഴ അടക്കണമെന്നാണ് കോടതിയുടെ ഉത്തരവ്

ഓര്‍ഡര്‍ ചെയ്തത് പനീര്‍, നല്‍കിയത് ചിക്കന്‍ ‍; സൊമാറ്റോക്കും പൂനെ റസ്റ്റോറന്റിനും 55,000 പിഴ 

പനീര്‍ ഓര്‍ഡര്‍ ചെയ്ത ആള്‍ക്ക് ചിക്കന്‍ കറി ഡെലിവറി ചെയ്തതിന് ഓണ്‍ലൈന്‍ ഡെലിവറി ഫുഡ് ആപ്ലിക്കേഷനായ സൊമാറ്റോക്കും പൂനെയിലെ റസ്റ്റോറന്റിനും 55,000 പിഴ. ഉപഭോക്തൃ കോടതിയാണ് പിഴയിട്ടത്. 45 ദിവസത്തിനകം പിഴ അടക്കണമെന്നാണ് കോടതിയുടെ ഉത്തരവ്.

പൂനെയിലെ അഭിഭാഷകനായ ഷണ്‍മുഖ് ദേശ്മുഖാണ് സൊമാറ്റോ വഴി പനീര്‍ ബട്ടര്‍ മസാല ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ സസ്യാഹാരിയായ ഷണ്‍മുഖിന് ഡെലിവര്‍ ചെയ്തത് ബട്ടര്‍ ചിക്കനായിരുന്നു. ''ഒറ്റനോട്ടത്തില്‍ രണ്ട് ഡിഷും കണ്ടാല്‍ തിരിച്ചറിയില്ല. കഴിച്ചു കഴിഞ്ഞപ്പോഴാണ് മാംസാഹാരമാണെന്ന് മനസിലായത്''ഷണ്‍മുഖ് പറഞ്ഞു. ഭക്ഷണത്തിന് അടച്ച തുക മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് സൊമാറ്റോക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. മറിച്ച് ഹോട്ടലിനെ പഴി ചാരുകയാണുണ്ടായത്. തുടര്‍ന്നാണ് ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കിയത്. ഹോട്ടലിന്റെ ഭാഗത്താണ് തെറ്റെങ്കിലും സൊമാറ്റോയും കുറ്റക്കാരാണെന്ന് കോടതി ചൂണ്ടിക്കാണ്ടി.