LiveTV

Live

National

കര്‍ണാടകയില്‍  കോണ്‍ഗ്രസിന്റെ അവസാന ശ്രമം; എം.എല്‍.എമാരെ അയോഗ്യരാക്കും  

കര്‍ണാടകയില്‍  കോണ്‍ഗ്രസിന്റെ അവസാന ശ്രമം; എം.എല്‍.എമാരെ അയോഗ്യരാക്കും   

കര്‍ണാടകയിലെ ഭരണപ്രതിസന്ധി പരിഹരിയ്ക്കാന്‍ അവസാന ശ്രമവുമായി കോണ്‍ഗ്രസ്. മുഴുവന്‍ മന്ത്രിമാരും രാജിവെച്ചതിനു പിന്നാലെ, രാജിവെച്ച എം.എല്‍.എമാരെ അയോഗ്യരാക്കാനുള്ള നടപടികളിലേയ്ക്കാണ് പാര്‍ട്ടി കടക്കുന്നത്. സമ്പൂര്‍ണ മന്ത്രിസഭാ പുനസംഘടന ഉടനുണ്ടാകുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അറിയിച്ചു. മന്ത്രി എച്ച്. നാഗേഷ് കൂടി രാജിവെച്ചതോടെ, സര്‍ക്കാര്‍ ന്യൂനപക്ഷമായി.

മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് മുഴുവന്‍ മന്ത്രിമാരെയും രാജിവെപ്പിച്ച്, പ്രതിസന്ധി തരണം ചെയ്യാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചതോടെ, ജെ.ഡി.എസ് മന്ത്രിമാരും രാജിവെച്ചു. രാജിവെച്ച മുഴുവന്‍ എം.എല്‍.എമാരെയും ഉള്‍പ്പെടുത്തി മന്ത്രിസഭ പുനസംഘടിപ്പിയ്ക്കുകയാണ് കോണ്‍ഗ്രസിന്റെയും ജെ.ഡി.എസിന്റെയും ലക്ഷ്യം. എന്നാല്‍, മുംബൈയിലുള്ള എം.എല്‍.എമാര്‍ ഇതുവരെയും തീരുമാനം അറിയിച്ചിട്ടില്ല. ഭരണം തകര്‍ക്കാന്‍ ശ്രമിയ്ക്കുന്ന ബി.ജെ.പിയ്ക്കെതിരെ രാഷ്ട്രീയപരമായും നിയമപരമായും നടപടികളെടുക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു.

ഇന്ന് രാജിവെച്ച മന്ത്രി എച്ച്. നാഗേഷ്, മുംബൈയിലെ റിസോര്‍ട്ടില്‍ എത്തിയിട്ടുണ്ട്. പതിമൂന്ന് പേരെ അയോഗ്യരാക്കിയാല്‍ പോലും ഭരണം മുന്നോട്ടു കൊണ്ടുപോകാന്‍ സഖ്യസര്‍ക്കാറിന് ബുദ്ധിമുട്ടാകും. കുറച്ച് പേരെങ്കിലും തിരിച്ചെത്തിയെങ്കിലേ കേവലഭൂരിപക്ഷത്തിലേയ്ക്ക് എത്താന്‍ സര്‍ക്കാറിന് സാധിക്കൂ. ഇതിന് തടയിടാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി നടത്തുന്നത്.